പി.ഇ.ഐ; കോൺഫെഡറേഷൻ ബ്രിഡ്ജിന് സമീപം ആംബുലൻസും ട്രാൻസ്പോർട്ട് ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് പ്രിൻസ് എഡ്വേർഡ് ഐലൻഡ് ഇപ്പോഴും മുക്തമായിട്ടില്ല. അപകടം നടന്നതിന് ഒരു ദിവസം കഴിഞ്ഞിട്ടും ആരോഗ്യരംഗത്ത് വലിയൊരു ശൂന്യത അനുഭവപ്പെടുകയാണെന്ന് ഡോക്ടർമാരും സഹപ്രവർത്തകരും പറയുന്നു. മരിച്ച രണ്ട് പാരാമെഡിക്കുകളും രോഗിയും സമൂഹത്തിന് പ്രിയപ്പെട്ടവരായിരുന്നുവെന്നും, ഈ നഷ്ടം ഒരു സ്ഥാപനത്തിന്റേതു മാത്രമല്ല, മുഴുവൻ ദ്വീപ് സമൂഹത്തിന്റേതാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ചൊവ്വാഴ്ച രാവിലെ കോൺഫെഡറേഷൻ ബ്രിഡ്ജിൽ നിന്ന് ഏതാനും മിനിറ്റ് അകലെയുള്ള ന്യൂ ബ്രൺസ്വിക്കിലെ റൂട്ട് 16-ലാണ് അപകടം നടന്നത്. പടിഞ്ഞാറോട്ട് സഞ്ചരിച്ചിരുന്ന ആംബുലൻസ് എതിർദിശയിൽ വന്ന ട്രാൻസ്പോർട്ട് ട്രക്കുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ആംബുലൻസ് ഡ്രൈവറായ 56-കാരനും, അതിലുണ്ടായിരുന്ന 77-കാരിയായ രോഗിയും, 23-കാരിയായ പാരാമെഡിക്കും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ട്രക്ക് ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് ഭീഷണിയില്ലെന്നാണ് വിവരം.
അതേസമയം, ഈ ദുരന്തത്തിനിടയിലും പി.ഇ.ഐയിലെ അടിയന്തര മെഡിക്കൽ സേവനം നിലച്ചിട്ടില്ല. സഹപ്രവർത്തകരുടെ നഷ്ടം വേദനയോടെ ഉൾക്കൊണ്ടുകൊണ്ടുതന്നെ മറ്റ് പാരാമെഡിക്കുകൾ സേവനത്തിന് എത്തുകയാണ്. ഇതിനിടെ ന്യൂ ബ്രൺസ്വിക്കിൽ നിന്നുള്ള പാരാമെഡിക്കുകൾക്ക് അടിയന്തര ലൈസൻസിംഗ് അനുവദിച്ച് പി.ഇ.ഐയിലെ സേവനങ്ങൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. നോവാ സ്കോഷ്യ ഉൾപ്പെടെ മറ്റ് പ്രവിശ്യകളും സഹായഹസ്തം നീട്ടിയിട്ടുണ്ട്. സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും സഹപ്രവർത്തകർക്കുമൊപ്പമാണെന്ന് ഐലൻഡ് ഇഎംഎസും വിവിധ പാരാമെഡിക് സംഘടനകളും അറിയിച്ചു. അന്വേഷണം തുടരുകയാണെന്നും ആർസിഎംപി വ്യക്തമാക്കിയിട്ടുണ്ട്.
Ambulance accident that shocked PEI: Healthcare workers remembered by colleagues.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






