കാൽഗറി: രോഗികളുടെ ഒഴുക്ക് വർധിപ്പിക്കാനും ആശുപത്രി കിടക്കകൾ വേഗത്തിൽ ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ള ആൽബർട്ട ഹെൽത്ത് സർവീസസിന്റെ (AHS) പുതിയ നിർദേശത്തിനെതിരെ ആരോഗ്യപ്രവർത്തകർ. ആൽബർട്ടയിലെ ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ 40 ശതമാനം പേരെയും രാവിലെ 11 മണിയോടെ ഡിസ്ചാർജ് ചെയ്യണമെന്ന ലക്ഷ്യമാണ് നിർദേശത്തിലുള്ളത്.
ഇതുമായി ബന്ധപ്പെട്ട ആഭ്യന്തര മെമ്മോ അടുത്തിടെ ആശുപത്രികളിൽ പ്രചരിച്ചതായി ആൽബർട്ട മെഡിക്കൽ അസോസിയേഷൻ ഇന്റേണൽ മെഡിസിൻ വിഭാഗം പ്രസിഡന്റ് ഡോ. ഗ്രെഗ് ഹ്രിഞ്ചിഷിൻ പറഞ്ഞു. രോഗികളുടെ ആരോഗ്യനിലയും പരിശോധനാഫലങ്ങളും പരിഗണിക്കാതെ നിശ്ചിത സമയത്തിനുള്ളിൽ ഡിസ്ചാർജ് നടത്താൻ സമ്മർദമുണ്ടാകുമെന്നാണ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആശങ്ക.
രോഗിയെ ആശുപത്രിയിൽനിന്ന് അയക്കാനുള്ള തീരുമാനം ചികിത്സാ സംഘം അവരുടെ ആരോഗ്യനില പരിശോധിച്ചശേഷം മാത്രമേ എടുക്കാവൂവെന്ന് യുണൈറ്റഡ് നഴ്സസ് ഓഫ് ആൽബർട്ട വൈസ് പ്രസിഡന്റ് ഡാനിയേൽ ലാരിവി വ്യക്തമാക്കി. നിശ്ചിത സമയത്തെ ലക്ഷ്യമായി കണക്കാക്കി ജീവനക്കാരുടെ പ്രവർത്തനം വിലയിരുത്തുന്നത് രോഗികളെ വേഗത്തിൽ ഡിസ്ചാർജ് ചെയ്യാനുള്ള സമ്മർദത്തിന് കാരണമായേക്കാമെന്നും അവർ പറഞ്ഞു.
എന്നാൽ, രോഗികളെ സുരക്ഷിതമായും കൃത്യമായ ക്രമീകരണങ്ങളോടെയും ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് അയക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് AHS അറിയിച്ചു. രാവിലെ 11നകം ഡിസ്ചാർജ് ചെയ്യുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും മരുന്നുകൾ, യാത്രാസൗകര്യം, തുടർപരിചരണം എന്നിവ ഒരുക്കാൻ കൂടുതൽ സമയം നൽകുമെന്നും അധികൃതർ വ്യക്തമാക്കി. രോഗികൾക്ക് പോകാൻ തയ്യാറാകുന്നതിന് മുമ്പ് സമ്മർദം ചെലുത്തില്ലെന്നും AHS വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെയ് മാസം മുതൽ രാവിലെ നടക്കുന്ന ഡിസ്ചാർജുകളുടെ എണ്ണം റിപ്പോർട്ട് ചെയ്യാൻ ആരോഗ്യസംവിധാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അക്യൂട്ട് കെയർ ആൽബർട്ടയും അറിയിച്ചു. കിടക്കകൾ ലഭ്യമാക്കാനും ചികിത്സയ്ക്കുള്ള കാത്തിരിപ്പ് കുറയ്ക്കാനും ഇത്തരം നടപടികൾ സഹായിക്കുമെന്നാണ് അധികൃതരുടെ നിലപാട്.
Also Read: മിനിമം വേതനം പോരാ; കാനഡയിലെ ജീവിതം ചെലവേറുന്നു; 59 നഗരങ്ങളിലെ കണക്കുകൾ പുറത്ത്
അതേസമയം, രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിന് ആവശ്യമായ ഗതാഗതം, മരുന്നുകൾ, സാമൂഹിക പിന്തുണ, തുടർചികിത്സ തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടി. ആശുപത്രികളിലെ ജീവനക്കാരുടെയും പരിചരണ സംവിധാനങ്ങളുടെയും കുറവാണ് പ്രധാന പ്രശ്നമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ഡിസ്ചാർജ് നടപടികൾ രോഗികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നടപ്പാക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആവശ്യം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





