എഡ്മിന്റൻ: എഡ്‌മിന്റനിൽ താമസിക്കുന്ന മലയാളി യുവതിക്ക് ലോട്ടോ 6/49 നറുക്കെടുപ്പിൽ 5 മില്യൺ ഡോളർ സമ്മാനമായി ലഭിച്ചു. എറണാകുളം വേങ്ങൂർ സ്വദേശിനിയും എഡ്‌മിന്റനിൽ എൻജിനീയറുമായ സ്നേഹ ജോയിക്കാണ് ഒക്ടോബർ 21-ന് നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം ലഭിച്ചത്. പരിശോധനാ നടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ചയാണ് വെസ്റ്റേൺ കാനഡ ലോട്ടറി കോർപ്പറേഷൻ അധികൃതർ വിജയം ഔദ്യോഗികമായി അറിയിച്ചത്.
നറുക്കെടുപ്പ് നടന്ന് ഒരു മാസത്തോളം കഴിഞ്ഞാണ് സ്നേഹയ്ക്ക് സമ്മാനം ലഭിച്ച വിവരം സ്ഥിരീകരിച്ചത്. ലോട്ടറി ടിക്കറ്റിന്റെ പരിശോധനയും മറ്റ് ഔദ്യോഗിക നടപടികളും പൂർത്തിയാക്കിയ ശേഷമാണ് അധികൃതർ വിവരം അറിയിച്ചത്. തുടർന്ന് ലോട്ടറി കോർപ്പറേഷന്റെ ഓഫീസിൽ വെച്ച് സ്നേഹയ്ക്ക് സർട്ടിഫിക്കറ്റും കൈമാറി. 5 മില്യൺ ഡോളറാണ് സമ്മാനത്തുക.
എറണാകുളം ജില്ലയിലെ വേങ്ങൂർ സ്വദേശിയായ സ്നേഹ, കൈപ്പിള്ളി പടിക്കക്കുടി വീട്ടിൽ പി.പി. ജോയിയുടെയും ജോളി ജോയിയുടെയും ഏക മകളാണ്. കോൺഗ്രസ് പ്രാദേശിക നേതാവാണ് പിതാവ് ജോയി. സ്നേഹയുടെ ഭർത്താവ് നിലമ്പൂർ സ്വദേശിയായ വിജിൽ വർഗീസാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഇരുവരും കാനഡയിലെ എഡ്‌മിന്റനിലാണ് താമസിക്കുന്നത്.
Also Read: 2027-ലെ CRA പേയ്‌മെന്റുകൾ; ജനുവരി മുതൽ ഡിസംബർ വരെയുള്ള കലണ്ടർ പുറത്ത്
രാഷ്ട്രീയ രംഗത്തും സ്നേഹ നേരത്തെ സജീവമായിരുന്നു. 2020-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. പിന്നീട് കാനഡയിലേക്ക് താമസം മാറിയ സ്നേഹ അവിടെ ജോലി ചെയ്യുന്നതിനിടെയാണ് ലോട്ടറി സമ്മാനം ലഭിച്ചത്. മകൾക്ക് ലോട്ടറിയടിച്ച വിവരം അറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് പിതാവ് പി.പി. ജോയി പ്രതികരിച്ചു. ദൈവത്തോട് നന്ദി പറയുന്നുവെന്നും പ്രാർഥനയുടെ ഫലമായാണ് ഈ ഭാഗ്യം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





