എഡ്മന്റൺ: ആൽബർട്ട സർക്കാരിന്റെ ഔദ്യോഗിക റഫറണ്ടവുമായി ബന്ധപ്പെട്ട് സർക്കാരും ജനങ്ങളും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. ഒക്ടോബറിൽ നടക്കുന്ന പൊതുജനഹിതപരിശോധനയിൽ വോട്ടർമാരെ സ്വാധീനിക്കാൻ സർക്കാർ ഏകപക്ഷീയമായ വിവരങ്ങൾ നൽകുന്നു എന്നാരോപിച്ചാണ് സ്ട്രാത്മോർ സ്വദേശി സ്റ്റീഫൻ എലാഷ്ചുക് ‘ആൽബർട്ട റഫറണ്ടംബ് 2026’ എന്ന സൈറ്റ് തുടങ്ങിയത്. നികുതിപ്പണം ഉപയോഗിച്ച് സർക്കാർ രാഷ്ട്രീയ പ്രചാരണം നടത്തുന്നു എന്ന വിമർശനത്തിന് ഈ നീക്കം ഇപ്പോൾ ആക്കം കൂട്ടിയിരിക്കുകയാണ്.
ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഹിതപരിശോധനയിലെ ഒൻപത് ചോദ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ‘ആൽബർട്ട റഫറണ്ടം 2026’ എന്ന സൈറ്റ് സർക്കാർ പുറത്തിറക്കിയത്. എന്നാൽ, കുടിയേറ്റം, ഭരണഘടനാ പരിഷ്കാരം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ തങ്ങൾക്കനുകൂലമായ നിലപാടുകൾ മാത്രമാണ് സൈറ്റിലൂടെ പങ്കുവെക്കുന്നതെന്ന് സ്റ്റീഫൻ എലാഷ്ചുക് ആരോപിക്കുന്നു. സർക്കാർ സൈറ്റിന് സമാനമായ രൂപകൽപ്പനയിൽ നിർമ്മിച്ച സ്പൂഫ് സൈറ്റിലൂടെ, അധികൃതർ മറച്ചുവെക്കുന്ന വസ്തുതകൾ ജനങ്ങളിലെത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റക്കാർക്ക് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെയുള്ള വിവാദ നിർദ്ദേശങ്ങളാണ് ഹിതപരിശോധനയിലുള്ളത്. പ്രവിശ്യയിലെ ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ നേരത്തെ വലിയ പ്രചാരണങ്ങൾ നടത്തിയിരുന്നെന്നും, ഇപ്പോൾ സൗകര്യങ്ങളുടെ കുറവിന് കുടിയേറ്റക്കാരെ കുറ്റപ്പെടുത്തുന്നത് പരസ്പരവിരുദ്ധമായ നിലപാടാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സ്പൂഫ് വെബ്സൈറ്റിനോട് പ്രതികരിക്കാൻ പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ ഓഫീസ് തയ്യാറായില്ലെങ്കിലും, ഹിതപരിശോധനയിലെ ജനവിധി എന്തുതന്നെയായാലും അത് മാനിക്കുമെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Alberta heats up with 'Referendum 2026'; Stephen Elashchuk challenges government




