കൊച്ചി: 2026-ലെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ് അവാർഡ് കരസ്ഥമാക്കി യുകെയിൽ സേവനമനുഷ്ഠിക്കുന്ന കോട്ടയം സ്വദേശിനി ഡോ.അജിമോൾ പ്രദീപ്. കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ, ആസ്റ്റർ ഡിഎം സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലാണ് 250,000 യുഎസ് ഡോളർ (ഏകദേശം 2.5 കോടി രൂപ) സമ്മാനത്തുകയുള്ള ഈ ആഗോള പുരസ്കാരം സമ്മാനിച്ചത്. ലോക ആരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനം ഗെബ്രിയേസസിന്റെ പ്രത്യേക ആശംസാ സന്ദേശവും ചടങ്ങിൽ അവതരിപ്പിച്ചു. 214 രാജ്യങ്ങളിൽ നിന്നുള്ള 1,34,000-ത്തിൽപ്പരം രജിസ്ട്രേഷനുകളിൽ നിന്നാണ് യുകെയിലെ കിങ്സ് കോളേജ് ഹോസ്പിറ്റലിലെ സീനിയർ ട്രാൻസ്പ്ലാന്റ് കോഓർഡിനേറ്ററും സൽഫോർഡ് യൂണിവേഴ്സിറ്റിയിലെ ഓണററി സീനിയർ ലക്ചററുമായ അജിമോൾ പ്രദീപ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.
യുകെയിലെ ദക്ഷിണേഷ്യൻ വംശജർക്കിടയിൽ അവയവദാനവും സ്റ്റെംസെൽ ദാനവും പ്രോത്സാഹിപ്പിക്കുന്നതിനായി അജിമോൾ ആരംഭിച്ച ‘ഉപഹാർ’ പദ്ധതിയിലൂടെ പതിനായിരത്തിലധികം ദാതാക്കളെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിരുന്നു. മുമ്പ് ബ്രിട്ടീഷ് എംപയർ മെഡൽ നൽകി യുകെ ഭരണകൂടവും ഇവരുടെ സേവനങ്ങളെ ആദരിച്ചിട്ടുണ്ട്. സമ്മാനത്തുകയുടെ പകുതിഭാഗം ‘ഉപഹാർ’ പദ്ധതിയുടെ വളർച്ചയ്ക്കും അവയവ-സ്റ്റെംസെൽ ദാന ബോധവൽക്കരണത്തിനുമായി വിനിയോഗിക്കുമെന്നും ബാക്കി തുക നഴ്സിങ് വിദ്യാഭ്യാസത്തിലും പരിശീലനത്തിലും നിക്ഷേപിക്കുമെന്നും വിജയിയായ ശേഷം അജിമോൾ വ്യക്തമാക്കി.
സ്വീഡനിൽ നിന്നുള്ള ഡോ. ഐഡ അൽകൈസി, സൗദി അറേബ്യയുടെ ദിനാ സെവില്ല, ഹോങ്കോങ്ങിന്റെ ഡോ. ഹമ്മോഡ അബു-ഒഡാ, ഇന്ത്യയുടെ ഹിന്ദുംബി കൌരോം കക്കഡ, കൊളംബിയയുടെ ജോഹാന പട്രീഷ്യ ഗാൽവൻ ബാരിയോസ്, നമീബിയയുടെ ജോസഫൈൻ നെലാഗോ അംഗുല, നൈജീരിയയുടെ ഒലുച്ചി ഏഞ്ചൽ ഒകോയി, പാപ്പുവ ന്യൂ ഗിനിയയുടെ പീറ്റർ ഫോറെ, കൊളംബിയയുടെ റൊണാൾഡ് മരിയോ കനാസ് റോജാസ് എന്നിവരായിരുന്നു അന്തിമപട്ടികയിൽ ഇടംപിടിച്ച മറ്റ് ഒൻപത് ഫൈനലിസ്റ്റുകൾ. ഏണസ്റ്റ് ആന്റ് യങ് എൽഎൽപിയുടെ നേതൃത്വത്തിൽ നടന്ന സമഗ്രമായ പരിശോധനകൾക്കൊടുവിലാണ് ആഗോളതലത്തിൽ സ്വാധീനമുണ്ടാക്കിയ മികച്ച നഴ്സിനെ കണ്ടെത്തിയത്.








