മോൺട്രിയൽ: കാനഡയിലെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മോൺട്രിയൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം അന്തരീക്ഷത്തിൽ പുകയുടെ അളവ് ശക്തമായതോടെയാണ് കാലാവസ്ഥാ ഏജൻസിയായ ‘എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ’ (ECCC) അടിയന്തര ബുള്ളറ്റിൻ ഇറക്കിയത്. പുക പടരുന്നത് വരും മണിക്കൂറുകളിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
നിലവിൽ ബ്രിട്ടീഷ് കൊളംബിയ മുതൽ നോവ സ്കോഷ്യ വരെയുള്ള പ്രദേശങ്ങളിലായി 950-ലധികം കാട്ടുതീകളാണ് കത്തുന്നത്. ഇതിന്റെ പുക വ്യാപകമായി പടരുന്നതിനാലാണ് മോൺട്രിയലിലും വായു മലിനീകരണം രൂക്ഷമായത്. വായു മോശമായതിനാൽ കണ്ണ്, മൂക്ക്, തൊണ്ട എന്നിവയിൽ അസ്വസ്ഥത, തലവേദന, ചെറിയ ചുമ തുടങ്ങിയ ബുദ്ധിമുട്ടുകൾ സാധാരണക്കാർക്ക് ഉണ്ടായേക്കാം. എന്നാൽ ശ്വാസതടസം, നെഞ്ചുവേദന, കടുത്ത ചുമ തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങൾ ചിലരിൽ പ്രകടമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികൾ, ശ്വാസകോശ രോഗമുള്ളവർ, പുറംജോലിക്കാർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശമുണ്ട്. ജനങ്ങൾ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്നും കായിക വിനോദങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്നും അധികൃതർ അറിയിച്ചു. വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടാനും വായു ശുദ്ധീകരിക്കുന്ന ഫിൽട്ടറുകൾ ഉപയോഗിക്കാനും പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അസ്വസ്ഥതകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Montreal shrouded in smoke! Air pollution worsens in the region; weather department issues alert.






