ദില്ലി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിൽ (AI 2379) പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിന് പിന്നാലെ, പൈലറ്റുമാർക്കിടയിൽ കമ്പനി വ്യാപക ലഹരിപരിശോധന (ഡോപ് ടെസ്റ്റ്) ആരംഭിച്ചു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിലായി അയ്യായിരത്തിലധികം പൈലറ്റുമാരിലാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്. വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി പ്രാഥമിക, സ്ഥിരീകരണ പരിശോധനകളിൽ തെളിഞ്ഞ സാഹചര്യത്തിലാണ് കമ്പനിയുടെ അടിയന്തര നടപടി. ഈ പരിശോധനയ്ക്ക് വിധേയരാകാത്ത പൈലറ്റുമാരെ വിമാനം പറത്തുന്നതിൽ നിന്ന് ഉടനടി മാറ്റിനിർത്തുമെന്ന് എയർ ഇന്ത്യ മാനേജ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
യാത്രക്കാരുടെ വിശ്വാസ്യതയും സുരക്ഷയുമാണ് ഏറ്റവും വലിയ സമ്പത്തെന്നും അത് നിലനിർത്താൻ ഏതറ്റം വരെയും പോകുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വ്യോമയാന മേഖലയിലെ നിലവിലെ ലഹരിപരിശോധന ചട്ടങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ പ്രതിവർഷം 10% ക്രൂ അംഗങ്ങളിൽ മാത്രം നടത്തുന്ന റാൻഡം പരിശോധനാ നിരക്ക് ഉയർത്താനും കർശന നടപടികൾ വ്യവസ്ഥ ചെയ്യാനുമാണ് ആലോചന. അതേസമയം, ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറുകളും പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും ഉൾപ്പെടെയുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) വിശദമായി അന്വേഷിച്ചു വരികയാണ്.
Air India Pilots Face Widespread Drug Testing
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








