വിമാനജീവനക്കാരുടെ പണിമുടക്ക് ഭീഷണിയെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കി എയർ കാനഡ. 500-ൽ അധികം വിമാനങ്ങളാണ് വെള്ളിയാഴ്ചയോടെ റദ്ദാക്കുക. ശനിയാഴ്ച പുലർച്ചെ മുതൽ വിമാനജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് നടപടി. ഈ ആഴ്ച അവസാനത്തോടെ എല്ലാ വിമാനങ്ങളും സർവീസ് നിർത്തിവെച്ചേക്കുമെന്നും എയർ കാനഡ അറിയിച്ചു.
ഇന്ന് (വ്യാഴാഴ്ച) രാവിലെ തന്നെ വിമാനങ്ങൾ റദ്ദാക്കി തുടങ്ങിയിട്ടുണ്ട്. ഇന്ന് അന്താരാഷ്ട്ര ദീർഘദൂര വിമാനങ്ങളുൾപ്പെടെ നിരവധി സർവീസുകൾ റദ്ദാക്കുമെന്നും, വെള്ളിയാഴ്ചയോടെ റദ്ദാക്കുന്ന വിമാനങ്ങളുടെ എണ്ണം വർധിക്കുമെന്നും എയർ കാനഡ ചീഫ് ഓപ്പറേഷൻസ് ഓഫീസർ മാർക്ക് നാസർ പത്രസമ്മേളനത്തിൽ അറിയിച്ചു. 100,000-ൽ അധികം യാത്രക്കാരെ ഇത് ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ ടൊറന്റോ വിമാനത്താവളത്തിന് സമീപം വെച്ച് നടന്ന എയർ കാനഡയുടെ പത്രസമ്മേളനം തൊഴിലാളി യൂണിയൻ അംഗങ്ങൾ തടസ്സപ്പെടുത്തി.
ശമ്പളം ലഭിക്കാത്തതിനെതിരെയാണ് യൂണിയൻ്റെ പ്രധാന പ്രതിഷേധം. ബോർഡിംഗിനും ഇറങ്ങുന്നതിനും ഇടയിൽ ചെയ്യുന്ന ജോലിയുമായി ബന്ധപ്പെട്ട് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർക്ക് പ്രതിമാസം ശരാശരി 35 മണിക്കൂറോളം ശമ്പളം ലഭിക്കാറില്ലെന്ന് യൂണിയൻ വൈസ് പ്രസിഡൻ്റ് ഹെൻലി ലാർഡൻ പറഞ്ഞു. ഇത് തൊഴിലാളികളുടെ അടിസ്ഥാന ജീവിതത്തെ പോലും ബാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, വേതനം സംബന്ധിച്ച ചർച്ചകൾ അർത്ഥശൂന്യമാണെന്നും യൂണിയൻ മുന്നോട്ട് വെക്കുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണെന്നും എയർ കാനഡയും നിലപാടെടുത്തു.
അതേസമയം, പ്രശ്നത്തിൽ ഫെഡറൽ ഗവൺമെന്റ് ഇടപെടണമെന്നും എയർ കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്. വേതനം, മറ്റ് ആനുകൂല്യങ്ങൾ എന്നിവയിൽ ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്താൻ കഴിയുന്നില്ല. ആദ്യ വർഷം എട്ട് ശതമാനം വേതന വർധനയും നാല് വർഷത്തെ കരാറിൽ 38 ശതമാനം വർധനവുമാണ് എയർ കാനഡ വാഗ്ദാനം ചെയ്തത്. എന്നാൽ, ഈ വർധനവ് മതിയാകില്ലെന്നാണ് യൂണിയൻ്റെ നിലപാട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണാൻ മധ്യസ്ഥർ തയ്യാറാണെന്ന് ഫെഡറൽ ജോബ്സ് മന്ത്രി പാറ്റി ഹജ്ദുവും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ യൂണിയന്റെ പ്രതികരണം തേടിയെന്നും മന്ത്രി വ്യക്തമാക്കി.
Air Canada under strike threat; flights will be canceled, report says





