യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് എയർ കാനഡ. സമീപകാലത്ത് നടന്ന വിമാന ജീവനക്കാരുടെ സമരത്തെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതിനാണ് യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകുന്നത്. ഹോട്ടൽ, ഭക്ഷണം, യാത്രാക്കൂലി എന്നിവയെല്ലാം തിരികെ നൽകുമെന്ന് എയർ കാനഡ അറിയിച്ചു.
ഓഗസ്റ്റ് 15-നും 23-നും ഇടയിൽ സമരം കാരണം യാത്ര മുടങ്ങിയവർക്കാണ് പണം തിരികെ നൽകുക. ഇതിനായി ചെലവായ തുകയുടെ ബില്ലുകളും രേഖകളും വെബ്സൈറ്റിലൂടെ നൽകണമെന്ന് എയർ കാനഡയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാർക്ക് നസർ അറിയിച്ചു.
യാത്ര മുടങ്ങിയ എല്ലാ ഉപഭോക്താക്കളോടും അദ്ദേഹം ക്ഷമ ചോദിച്ചു. യാത്രക്കാർക്ക് വിമാനയാത്രയ്ക്ക് പുറമെ മറ്റ് ഗതാഗത മാർഗ്ഗങ്ങളായ ട്രെയിൻ, ഫെറി, ബസ് എന്നിവയിൽ യാത്ര ചെയ്യേണ്ടി വന്നാലും ആ തുകയും തിരികെ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള ഈ തീരുമാനം നിയമപരമായി പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾക്കും അപ്പുറമാണെന്ന് എയർ കാനഡ വ്യക്തമാക്കി.
നിരവധി വിമാനങ്ങൾ റദ്ദാക്കിയ ശേഷം എയർ കാനഡയും ഫ്ലൈറ്റ് അറ്റൻഡന്റ് യൂണിയനും തമ്മിൽ ഒരു താൽക്കാലിക കരാറിലെത്തിയിരുന്നു. ഈ കരാർ പ്രകാരം ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകുമെന്നും എയർ കാനഡ അറിയിച്ചു.
Air Canada makes a big announcement: Compensation guaranteed if flight is cancelled



