സെന്റ് ജോൺസ്: സർക്കാർ സംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങളും നയങ്ങളും നടപ്പിലാക്കുമെന്ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രീമിയർ ടോണി വേക്ക്മാൻ. സർക്കാരിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയ വികലമായ ചിത്രം പ്രത്യക്ഷപ്പെട്ട പശ്ചാത്തലത്തിലാണ് പ്രീമിയറുടെ ഇടപെടൽ. ഇത്തരം വീഴ്ചകൾ ആവർത്തിക്കാനാവില്ലെന്നും എഐ നയങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷനുമായി ബന്ധപ്പെട്ട ഒരു പൊതുജനാരോഗ്യ അറിയിപ്പിലാണ് വിവാദ ചിത്രം ഉൾപ്പെട്ടത്. ചിത്രത്തിലെ സ്ത്രീയുടെ കൈയിൽ ആറ് വിരലുകൾ ഉണ്ടായിരുന്നു. കൂടാതെ ഷർട്ടിന്റെ കൈ മുകളിലേക്ക് തെറുത്തുവെച്ച നിലയിലായിരുന്നെങ്കിലും അത് വീണ്ടും കൈമുട്ടിന് താഴെ വരെ മറയ്ക്കുന്ന രീതിയിലായിരുന്നു. ചിത്രം എഐ നിർമ്മിതമാണെന്ന സംശയം ഉയർന്നതോടെ കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഇത് പേജിൽ നിന്ന് നീക്കം ചെയ്തു. ഫോട്ടോഷോപ്പിലെ പുതിയ എഐ ടൂൾ ഉപയോഗിച്ച് ചിത്രം റീസൈസ് ചെയ്തപ്പോൾ സംഭവിച്ച പിഴവാണിതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.
വാർത്താ മാധ്യമങ്ങളോട് സംസാരിക്കവെ ടോണി വേക്ക്മാൻ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെ രൂക്ഷമായി വിമർശിച്ചു. “ഇത്തരം സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നു. കൃത്യമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതിനാണ് മുൻഗണന നൽകേണ്ടത്. എന്നാൽ ഇത്തരം അബദ്ധങ്ങൾ സംഭവിക്കുമ്പോൾ സന്ദേശത്തിന് പകരം അബദ്ധങ്ങളാണ് വാർത്തയാകുന്നത്,” അദ്ദേഹം പറഞ്ഞു. എഐ ഉപയോഗത്തെക്കുറിച്ച് നിലവിൽ നയങ്ങളുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഫൗണ്ട്‌ലാൻഡ് ഭരണകൂടം എഐയുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഏപ്രിലിൽ ദേശീയ ടൂറിസം വാരത്തോടനുബന്ധിച്ച് ടൂറിസം മന്ത്രി ആൻഡ്രിയ ബാർബർ പങ്കുവെച്ച ചിത്രവും സമാനമായ രീതിയിൽ എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, പ്രതിപക്ഷ കക്ഷികളായ ലിബറൽ പാർട്ടിയും എൻഡിപിയും വിഷയത്തിൽ സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വെറും വാക്കുകൾക്കപ്പുറം എഐ നിയന്ത്രിക്കാൻ വ്യക്തമായ നിയമനിർമ്മാണം എവിടെയാണെന്ന് ലിബറൽ നേതാവ് ജോൺ ഹോഗൻ ചോദിച്ചു. സർക്കാർ എഐ ഉപയോഗിക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് എൻഡിപി നേതാവ് ജിം ഡിന്നും മുന്നറിയിപ്പ് നൽകി.
AI use goes too far; image on government page in controversy, Newfoundland Premier to tighten policy
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




