ഓട്ടാവ: മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം (Drug-Facilitated Sexual Assault – DFSA) നടത്തുന്ന ഓൺലൈൻ ശൃംഖലകളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തുന്ന ‘പ്രോജക്ട് മെഡൂസ’ അന്വേഷണത്തിൽ കാനഡയുമായി ബന്ധമുള്ള 41 ഇരകളെയും സംശയിക്കുന്ന പ്രതികളെയും തിരിച്ചറിഞ്ഞതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) അറിയിച്ചു. യുകെയും ജർമനിയും നേതൃത്വം നൽകുന്ന അന്വേഷണത്തിന് യൂറോപോളിന്റെയും മറ്റ് പങ്കാളി രാജ്യങ്ങളുടെയും പിന്തുണയുണ്ട്.
പ്രധാനമായും അടുപ്പമുള്ള വ്യക്തിബന്ധങ്ങളിലെ (Intimate Partner) ലൈംഗികാതിക്രമങ്ങളും, അവയ്ക്ക് സഹായകമാകുന്ന ഓൺലൈൻ സമൂഹങ്ങളും കണ്ടെത്തി തകർക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആർസിഎംപി വ്യക്തമാക്കി. അന്വേഷണത്തിലൂടെ ലഭിക്കുന്ന കാനഡയുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച്, കേസ് അന്വേഷിക്കാനുള്ള അധികാരമുള്ള പ്രാദേശിക പൊലീസ് വിഭാഗങ്ങൾക്ക് കൈമാറുകയും തുടർന്ന് ലഭിക്കുന്ന വിവരങ്ങൾ കാനഡയിലെയും വിദേശത്തെയും അന്വേഷണ ഏജൻസികളുമായി പങ്കുവെക്കുകയും ചെയ്യുന്നുവെന്നും അധികൃതർ അറിയിച്ചു.
ആഗോളതലത്തിൽ ഇതുവരെ 156 ഇരകളെയും പ്രതികളെയും തിരിച്ചറിഞ്ഞതോടൊപ്പം, 274 പുതിയ അന്വേഷണ സൂചനകളും ലഭിച്ചു. കൂടാതെ ഇത്തരം കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതായി സംശയിക്കുന്ന നാല് പുതിയ രഹസ്യ ഓൺലൈൻ സമൂഹങ്ങളും കണ്ടെത്തിയതായി ആർസിഎംപി അറിയിച്ചു. കാനഡയുടെ പങ്കാളിത്തം യൂറോപോളുമായുള്ള ഫെഡറൽ പൊലീസ് ഇന്റർനാഷണൽ ഓപ്പറേഷൻസ് പദ്ധതിയിലൂടെയാണ് ഏകോപിപ്പിക്കുന്നത്.
അന്താരാഷ്ട്ര പങ്കാളികളിൽ നിന്ന് ലഭിക്കുന്ന മയക്കുമരുന്ന് ഉപയോഗിച്ചുള്ള ലൈംഗികാതിക്രമ കേസുകളുടെ വിവരങ്ങൾ ആർസിഎംപിയുടെ ബിഹേവിയറൽ സയൻസസ് ഇൻവെസ്റ്റിഗേറ്റീവ് സർവീസസ് വിഭാഗം വിലയിരുത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കാനഡയിലെ സംശയിക്കുന്ന പ്രതികളെ തിരിച്ചറിയുന്നതിനും, അന്വേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിനും, ഇരകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ക്രിമിനൽ ഇന്റലിജൻസ് കൈമാറുന്നുണ്ടെന്നും ആർസിഎംപി വ്യക്തമാക്കി.
അതേസമയം, അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ പ്രവർത്തന വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ആർസിഎംപി അറിയിച്ചു. പുരുഷന്മാർ അവരുടെ പങ്കാളികൾക്ക് രഹസ്യമായി മയക്കുമരുന്ന് നൽകി ലൈംഗികാതിക്രമം നടത്തുകയും, അതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ശൃംഖലയെ വെളിപ്പെടുത്തിയ W5 അന്വേഷണ ഡോക്യുമെന്ററിയായ Sleeping with the Enemy പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഈ രാജ്യാന്തര അന്വേഷണം കൂടുതൽ ശക്തമായത്.
W5 അന്വേഷണത്തിൽ പേരുയർന്ന കാനഡക്കാരിൽ ഒരാളായ ഹാമിൽട്ടൺ സ്വദേശിയായ ബ്രയാൻ ഹെയ്‌വാർഡ് ഏഴ് സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം, ഒളിക്യാമറ ദൃശ്യങ്ങൾ പകർത്തൽ, അനുമതിയില്ലാതെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കൽ എന്നിവ ഉൾപ്പെടെ 21 കുറ്റങ്ങൾ ജൂണിൽ കോടതിയിൽ സമ്മതിച്ചിരുന്നു.
പല ഇരകൾക്കും തങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം പോലും അറിയാതിരിക്കാനുള്ള സാധ്യതയുണ്ടെന്ന് ആർസിഎംപി ചൂണ്ടിക്കാട്ടി. അതിനാൽ പ്രതികളെ കണ്ടെത്തുകയും ഇരകളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് പ്രോജക്ട് മെഡൂസയുടെ പ്രധാന ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.
Abuse involving secretly administering drugs to partners; international operation busts online network.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt






