മെട്രോ വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ മാപ്പിൾ റിഡ്ജിൽ സ്വന്തം വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരിക്ക് നേരെ കരടിയുടെ ആക്രമണം. ഞായറാഴ്ച രാവിലെ 11:30 ഓടെയാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ ആൻഡ്രിയ ലെക്കി നൽകിയ വിവരമനുസരിച്ച്, കുട്ടി ഭയന്നു നിലവിളിക്കുന്നത് കേട്ടാണ് മാതാപിതാക്കൾ ഓടിയെത്തിയത്.

കുട്ടിയുടെ കഴുത്തിൽ കടിക്കാൻ തുനിഞ്ഞ കരടിയെ അച്ഛൻ ബലമായി മാറ്റുകയായിരുന്നു. എന്നാൽ കരടി പിന്മാറാതെ വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ, മാതാപിതാക്കൾ കോമ്പൗണ്ട് ബോ (compound bow) ഉപയോഗിച്ച് കരടിയെ ആക്രമിക്കുകയായിരുന്നു. ഇതോടെയാണ് കരടി സ്ഥലത്ത് നിന്ന് ഓടിപ്പോയത്. ആക്രമണത്തിൽ കുട്ടിക്ക് കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവുകളും പുറത്ത് മാന്തലുകളും ഏറ്റിട്ടുണ്ട്. കുട്ടിയെ ഉടൻ തന്നെ എയർലിഫ്റ്റ് ചെയ്ത് വാൻകൂവറിലെ ബി.സി. ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ സുരക്ഷിതയാണെന്ന് മാതാപിതാക്കൾ അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസിനെയും കൺസർവേഷൻ ഓഫീസർമാരെയും കരടി ആക്രമിക്കാൻ ശ്രമിച്ചു. പൊതുജനസുരക്ഷ കണക്കിലെടുത്ത് പൊലീസ് കരടിക്ക് നേരെ വെടിയുതിർത്തുവെങ്കിലും അത് അടുത്തുള്ള കാട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കരടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും, കണ്ടെത്തിയാൽ മയക്കുവെടി വെച്ച് പിടികൂടുകയോ കൊല്ലുകയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.
Narrow escape; a three-year-old girl playing in her courtyard in BC was attacked by a bear
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




