തിരുവനന്തപുരം: പലപ്പോഴും പദവികളിൽ നിന്ന് മാറ്റിനിർത്തപ്പെട്ട മുൻകാല അനുഭവങ്ങളിൽ നിന്നും പാഠമുൾക്കൊണ്ട്, ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ നായകസ്ഥാനം പിടിച്ചെടുത്തു. 2021-ൽ യുഡിഎഫ് നേരിട്ട കടുത്ത പരാജയത്തിൽ നിന്ന് മുന്നണിയെ തിരികെ കൊണ്ടുവരാൻ പാർട്ടി കണ്ടെത്തിയ ‘മൃതസഞ്ജീവനി’യായിരുന്നു അണികൾ ആവേശത്തോടെ ‘വിഡിഎസ്’ എന്ന് വിളിക്കുന്ന വി.ഡി. സതീശൻ. അഞ്ച് വർഷം കൊണ്ട് പാർട്ടിെയയും മുന്നണിയെയും ഒരുപോലെ കോർത്തിണക്കി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 102 സീറ്റിന്റെ ചരിത്ര വിജയം. ഒടുവിൽ, മുൻപ് നഷ്ടമായ എല്ലാ സ്ഥാനങ്ങൾക്കും ഒരൊറ്റ നേട്ടത്തിലൂടെ മധുരപ്രതികാരം വീട്ടിയിരിക്കുകയാണ് അദ്ദേഹം.
കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന അധ്യക്ഷ പദവികൾ തലനാരിഴയ്ക്ക് നഷ്ടമായപ്പോൾ, രാഷ്ട്രീയം ഉപേക്ഷിച്ച് കേരള ഹൈക്കോടതിയിൽ മുഴുവൻ സമയ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയതായിരുന്നു സതീശൻ. എന്നാൽ 1996-ൽ എ.കെ. ആന്റണിയാണ് സതീശനെ വീണ്ടും മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. അക്കൊല്ലം എൽഡിഎഫ് കോട്ടയായ പറവൂരിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും, അവിടെ അഞ്ച് വർഷം ക്യാമ്പ് ചെയ്ത് പ്രവർത്തിച്ച് 2001-ൽ അദ്ദേഹം പറവൂർ മണ്ഡലം പിടിച്ചെടുത്തു. തുടർന്നിങ്ങോട്ട് പരാജയമറിയാതെ ആറ് തവണയാണ് പറവൂരിൽ നിന്ന് സതീശൻ നിയമസഭയിലെത്തിയത്.
2006-ൽ പ്രതിപക്ഷത്തെ അതിശക്തനായ ശബ്ദമായി മാറിയ സതീശനെ അടുത്ത യുഡിഎഫ് സർക്കാരിൽ മന്ത്രിയായി കണ്ടവർ നിരവധിയാണ്. 2011-ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലെത്തുമ്പോൾ ധനകാര്യമന്ത്രിയോ നിയമസഭാ സ്പീക്കറോ ആകുമെന്ന് പലരും ഉറപ്പിച്ചു. എന്നാൽ ഫലം മറിച്ചായിരുന്നു; അദ്ദേഹത്തിന് മന്ത്രിസ്ഥാനമോ സ്പീക്കർ പദവിയോ ലഭിച്ചില്ലെന്ന് മാത്രമല്ല, നിയമസഭയിൽ നാലാം നിരയിലാണ് അന്ന് സീറ്റ് ലഭിച്ചത്. പിന്നീട് 2012-ൽ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞപ്പോഴും സതീശൻ തഴയപ്പെട്ടു. ഒടുവിൽ 2021-ൽ പാർട്ടി ഏറ്റവും വലിയ തിരിച്ചടി നേരിട്ടപ്പോഴാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ സതീശൻ സാങ്കേതികമായി തന്റെ ആദ്യ കാബിനറ്റ് പദവിയിലെത്തുന്നത്.
കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായും സംസ്ഥാന മുഖ്യമന്ത്രിയായും കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിക്കുമ്പോൾ അദ്ദേഹം വെറും കാബിനറ്റ് മന്ത്രിയല്ല, മന്ത്രിസഭയുടെ ക്യാപ്റ്റനാകുകയാണ്. 69 വർഷത്തെ ഐക്യകേരള ചരിത്രത്തിൽ ഇ.എം.എസിനും വി.എസ്. അച്യുതാനന്ദനും ശേഷം മന്ത്രിസ്ഥാനം വഹിക്കാതെ നേരിട്ട് മുഖ്യമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ നേതാവായി സതീശൻ മാറി. 61 വയസ് പിന്നിടുമ്പോഴും മുപ്പതുകളുടെ ചെറുപ്പവും മനസുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കുന്നത്. അതേസമയം, ആദ്യമായി കോൺഗ്രസ് മുഖ്യമന്ത്രിയാകുന്നവരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് വി.ഡി. സതീശൻ എന്ന പ്രത്യേകതയുമുണ്ട്.
കോൺഗ്രസിന്റെ മുൻകാല മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ ആർ. ശങ്കർ (53), കെ. കരുണാകരൻ (58), എ.കെ. ആന്റണി (36), ഉമ്മൻചാണ്ടി (60) എന്നിവരെക്കാൾ പ്രായക്കൂടുതലുണ്ട് സതീശന്. എന്നാൽ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ 2016-ൽ ആദ്യമായി അധികാരമേൽക്കുമ്പോൾ 71 വയസായിരുന്നു പ്രായം. അതുമായി നോക്കുമ്പോൾ പിണറായി വിജയനേക്കാൾ 10 വയസിന് ഇളപ്പമാണ് സതീശൻ. മെയ് 31-ന് വി.ഡി. സതീശന് 62 വയസ് തികയുമ്പോൾ, കേരളത്തിന്റെ മുഖ്യമന്ത്രി പദം അദ്ദേഹത്തിനുള്ള ഏറ്റവും മികച്ച പിറന്നാൾ സമ്മാനമായി മാറുകയാണ്.
A soldier who never gives up in the face of defeats; Chief Minister V.D. Satheesan, who turns 62
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








