പരസ്യപ്പെടുത്തിയ ടിക്കറ്റ് വിലയേക്കാൾ ഉയർന്ന തുക ഈടാക്കിയെന്ന് ആരോപിച്ച് ഉപഭോക്താക്കൾ നൽകിയ കേസിൽ എയർ കാനഡയ്ക്ക് തിരിച്ചടി. യാത്രക്കാർക്ക് എയർ കാനഡ 10 മില്യൺ ഡോളറിൽ കൂടുതൽ നഷ്ടപരിഹാരം നൽകണമെന്ന് ക്യുബെക്ക് അപ്പീൽ കോടതി ഉത്തരവിട്ടു. പ്രവിശ്യാ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ എയർലൈൻ ലംഘിച്ചെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് ജൂഡിത്ത് ഹാർവി ചൂണ്ടിക്കാട്ടി.
15 വർഷം മുൻപ് ഫയൽ ചെയ്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഉപഭോക്താക്കൾ എയർ കാനഡയുടെ വെബ്‌സൈറ്റ് വഴി ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ആദ്യ ഘട്ടത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്നതിനേക്കാൾ 124 ഡോളർ കൂടുതൽ നികുതി, ഫീസ്, സർചാർജുകൾ എന്നിവ ഈടാക്കിയതായി എന്നായിരുന്നു പരാതി.
ഉപഭോക്താക്കളുടെ അറിവോടെയുള്ള ടിക്കറ്റ് തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാധ്യത എയർലൈൻ ദുർബലപ്പെടുത്തിയെന്നും പരസ്യപ്പെടുത്തിയ വിലയ്ക്ക് മുകളിൽ ഈടാക്കിയ തുകകൾ തിരികെ നൽകണമെന്നുമായിരുന്നു പ്രധാനമായും വാദിഭാഗത്തിന്റെ ആവശ്യം.
വർദ്ധിച്ചുവരുന്ന എയർലൈൻ ഫീസുകൾ യാത്രക്കാരെ വലയ്ക്കുന്നതിനിടെയാണ് എയർ കാനഡയ്ക്കെതിരായ സുപ്രധാന വിധി. വിധിയുമായി ബന്ധപ്പെട്ട് എയർ കാനഡ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.



