മോൺട്രിയൽ: ക്യുബെക്കിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന Info-Santé 811-ൽ വിളിക്കുന്നവർക്ക് ഇപ്പോൾ ഏറെ നേരം കൂടി കാത്തിരിക്കേണ്ട സാഹചര്യമാണെന്ന് Santé Québec വ്യക്തമാക്കുന്നു. ഒരു നഴ്സുമായി നേരിട്ട് സംസാരിക്കാൻ ശരാശരി 90 മിനിറ്റോളം കാത്തിരിക്കേണ്ടിവരുന്നുണ്ട് ഇവിടെ. മുമ്പ് ഇത് ഏകദേശം ഒരു മണിക്കൂറായിരുന്നു. സേവനത്തിലേക്കുള്ള ഫോൺവിളികളുടെ എണ്ണം ഗണ്യമായി വർധിച്ചതാണ് കാത്തിരിപ്പ് സമയം പിന്നെയും ഉയരാൻ പ്രധാന കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി.

2025 ജൂലൈയിൽ 1,37,910 കോളുകളാണ് ലഭിച്ചിരുന്നത്. എന്നാൽ 2026 ജൂലൈയിൽ ഇത് 1,83,693 ആയി ഉയർന്നു. ഒരു വർഷത്തിനിടെ ഏകദേശം 46,000-ത്തിലധികം അധിക കോളുകളാണ് ലഭിച്ചതെന്ന് Santé Québec പറയുന്നു. ആരോഗ്യവിദഗ്ധനുമായി സംസാരിക്കാൻ ദീർഘനേരം കാത്തിരിക്കേണ്ടിവരുന്നത് ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നതാണെന്ന് Santé Québec വക്താവ് കാതറിൻ ബ്രൂസോ പറഞ്ഞു. സാധാരണയായി നവംബർ മുതൽ മാർച്ച് വരെയാണ് 811 സേവനത്തിന് ഏറ്റവും കൂടുതൽ കോളുകൾ ലഭിക്കാറുള്ളത്.
എന്നാൽ ഇത്തവണ രോഗികളുടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമായതും ഓരോ കോളിനും കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്നതുമാണ് തിരക്ക് വർധിക്കാൻ കാരണമായതെന്നാണ് അവർ പറയുന്നത്. കാത്തിരിപ്പ് കുറയ്ക്കുന്നതിനായി കഴിഞ്ഞ ശരത്കാലം മുതൽ കോൾ സെന്ററുകളിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയും പുതിയ സംവിധാനങ്ങൾ പരീക്ഷിക്കുകയുമാണ് Santé Québec. ഇതിന്റെ ഭാഗമായി ഏപ്രിൽ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചുള്ള സഹായ സംവിധാനവും നടപ്പാക്കി.
പനി, ഗ്യാസ്ട്രോഎന്ററൈറ്റിസ് പോലുള്ള സാധാരണ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട കോളുകൾ AI അധിഷ്ഠിത ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന നോൺ-ക്ലിനിക്കൽ ഏജന്റുമാരിലേക്ക് മാറ്റിവിടുന്നതിലൂടെ നഴ്സുമാർക്ക് കൂടുതൽ സങ്കീർണ്ണമായ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സമയം ലഭിക്കുമെന്നാണ് വിലയിരുത്തൽ.
കാത്തിരിപ്പ് സമയം ഉണ്ടായാലും അടിയന്തര വിഭാഗത്തിലേക്ക് നേരിട്ട് പോകുന്നതിന് മുമ്പ് ജനങ്ങൾ 811 സേവനം ഉപയോഗിക്കണമെന്ന് Santé Québec പറയുന്നു.
കൂടാതെ, ഫോൺ ലൈനിൽ കാത്തുനിൽക്കേണ്ടതില്ലാത്ത കോൾ-ബാക്ക് സൗകര്യവും നിലവിലുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം ഏകദേശം 20 ലക്ഷം കോളുകളാണ് Info-Santé 811 കൈകാര്യം ചെയ്യുന്നത്. പ്രതിദിനം ശരാശരി 7,000 കോളുകൾ ലഭിക്കുന്ന ഈ സേവനം ക്യൂബെക്കിലുടനീളമുള്ള 15 കോൾ സെന്ററുകളിലെ ആദ്യമായി ലഭ്യമായ നഴ്സുമാർ വഴിയാണ് പ്രവർത്തിക്കുന്നത്.
'Surge in patients'; helpline overwhelmed; hours-long wait to get a nurse here.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




