ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന എസി ട്രെയിനിനുള്ളിൽ നിലവിളക്ക് തെളിച്ച് പൂജ നടത്തുന്ന യാത്രക്കാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ശംഖ് മുഴക്കിയും വിളക്കുകൊണ്ട് ആരതി ഉഴിഞ്ഞുമുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവത്തിൽ അന്വേഷണം നടത്താൻ റെയിൽവേ വിവരങ്ങൾ തേടി.
ഒരു ചെറിയ മേശയ്ക്ക് മുന്നിലിരുന്നാണ് യാത്രക്കാരൻ പൂജ നടത്തുന്നത്. മേശയിൽ ദൈവത്തിന്റെ ചിത്രം, പൂക്കൾ, മറ്റ് പൂജാസാമഗ്രികൾ എന്നിവയും കത്തുന്ന നിലവിളക്കും കാണാം. ഇതിനിടെ ശംഖ് മുഴക്കുന്നതും വിളക്കുമായി ആരതി നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. ട്രെയിൻ യാത്ര തുടരുന്നതിനിടെയാണ് ചടങ്ങുകൾ നടക്കുന്നത്.
READ MORE: ഷാരൂഖ് ഖാന്റെ പേരിൽ വ്യാജ വക്കീൽ നോട്ടീസ്? പ്രചാരണം തള്ളി അഭിഭാഷകർ
God of War എന്ന പേരിലുള്ള X അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജ നടത്തിയതിനെതിരെ നിരവധി പേർ രംഗത്തെത്തി. എസി കോച്ചിനുള്ളിൽ തീ കത്തിക്കുന്നത് മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഭീഷണിയാകുമെന്നാണ് ഉയരുന്ന ആശങ്ക.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ റെയിൽവേയുടെ Railway Seva അക്കൗണ്ട് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് പ്രതികരിച്ചു. യാത്ര നടന്ന തീയതിയും സമയവും ട്രെയിൻ നമ്പറും PNR അല്ലെങ്കിൽ UTS നമ്പറും മൊബൈൽ നമ്പറും നൽകാനാണ് നിർദേശം. വിവരങ്ങൾ ലഭിച്ചാൽ സംഭവം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാനാകുമെന്നും റെയിൽവേ അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ സുരക്ഷയെ ബാധിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ RailMadad വെബ്സൈറ്റ് വഴിയോ 139 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയോ പരാതി നൽകാമെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, വീഡിയോയിൽ കാണുന്ന യാത്രക്കാരനെക്കുറിച്ചോ സംഭവം നടന്ന ട്രെയിനിനെക്കുറിച്ചോ ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





