ന്യൂഡൽഹി: ഇന്ത്യയിൽ പ്രാദേശിക നിയമങ്ങളുടെയും സർക്കാർ-കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നത് വൻതോതിൽ വർധിച്ചു. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറു മാസത്തിനിടെ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 54.39 ലക്ഷം പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമാണ് മെറ്റ നിയന്ത്രണമേർപ്പെടുത്തിയത്. തൊട്ടുമുൻപുള്ള ആറു മാസങ്ങളിൽ ഇത് വെറും 41,400 മാത്രമായിരുന്നു. ഇന്ത്യയിലെ ഉള്ളടക്ക നിയന്ത്രണങ്ങളിൽ 13,000 ശതമാനത്തിലധികം വർധനവുണ്ടായപ്പോൾ ആഗോളതലത്തിൽ ഇത് 2.7 ശതമാനം കുറയുകയാണ് ചെയ്തതെന്ന് മെറ്റയുടെ സുതാര്യതാ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗോളതലത്തിൽ മെറ്റ നിയന്ത്രിച്ച 2.71 കോടി ഉള്ളടക്കങ്ങളിൽ 20 ശതമാനത്തിലധികവും ഇന്ത്യയിലാണ്. ശരാശരി ഓരോ ദിവസവും 30,000-ത്തിലധികം അഥവാ ഓരോ മൂന്ന് സെക്കൻഡിലും ഒരു പോസ്റ്റോ അക്കൗണ്ടോ വീതമാണ് ഇന്ത്യയിൽ നിയന്ത്രിക്കപ്പെടുന്നത്. കണക്കുകൾ പ്രകാരം ഫെയ്‌സ്ബുക്കിൽ നിയന്ത്രിച്ച പോസ്റ്റുകൾ 23,000-ൽ നിന്ന് 28.02 ലക്ഷമായി ഉയർന്നപ്പോൾ 11,182 പ്രൊഫൈലുകൾക്കും നിയന്ത്രണമേർപ്പെടുത്തി.
ഇൻസ്റ്റഗ്രാമിൽ 10,500-ൽ നിന്ന് 26 ലക്ഷത്തിലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും 12,989 അക്കൗണ്ടുകൾക്ക് പൂട്ടുവീഴുകയും ചെയ്തു. കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയം, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ (I4C), സംസ്ഥാന പൊലീസ് ഏജൻസികൾ എന്നിവരുടെ നിർദേശപ്രകാരമാണ് നടപടികൾ. ഐടി നിയമത്തിലെ സെക്ഷൻ 79(3)(b) പ്രകാരം I4C നോട്ടീസുകൾ നൽകിയതും ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ വഴിയുള്ള നടപടികൾ വ്യാപകമാക്കിയതുമാണ് ഈ വർധനവിന് പിന്നിൽ. 2026-ൽ അഞ്ച് മാസത്തിനിടെ ‘സഹയോഗ്’ പോർട്ടൽ വഴി 2.98 ലക്ഷം യുആർഎല്ലുകൾ നീക്കം ചെയ്യാൻ നിർദേശിച്ചതായി കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമാനമായ രീതിയിൽ, ഇന്ത്യൻ അധികൃതരിൽ നിന്നും കോടതികളിൽ നിന്നുമായി ഗൂഗിളിന് ലഭിച്ച ഉള്ളടക്കം നീക്കം ചെയ്യാനുള്ള അപേക്ഷകളിൽ 61 ശതമാനത്തിലധികം വർധനവുണ്ടായി. അപേക്ഷകളുടെ എണ്ണം 2,483-ൽ നിന്ന് 4,006 ആയി ഉയർന്നപ്പോൾ സെർച്ച്, യൂട്യൂബ് എന്നിവയിൽ നിന്നായി 65,091 ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് അധികൃതർ ആവശ്യപ്പെട്ടത്. ഗൂഗിളിന് ലഭിച്ച 4,006 അപേക്ഷകളിൽ 2,870 എണ്ണവും പൊലീസ് ഏജൻസികളിൽ നിന്നാണ്. മുൻവർഷത്തെ അപേക്ഷിച്ച് പൊലീസ് അപേക്ഷകളിൽ 184 ശതമാനം വർധനവുണ്ടായതോടെ, ആഗോളതലത്തിൽ റഷ്യയ്ക്കും ദക്ഷിണ കൊറിയയ്ക്കും പിന്നിലായി ഗൂഗിളിന് ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകിയത് ഇന്ത്യൻ പൊലീസായി മാറി.
പൊലീസ് നിർദേശപ്രകാരം ഗൂഗിൾ നീക്കം ചെയ്ത ഉള്ളടക്കങ്ങളുടെ എണ്ണം 1,008-ൽ നിന്ന് 8,321 ആയി (725% വർധന) കുതിച്ചുയർന്നു. ഗൂഗിളിന് ലഭിച്ച അപേക്ഷകളിൽ 2,130 എണ്ണവും അപകീർത്തിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയുള്ളതാണ് (മുൻവർഷം ഇത് 850 ആയിരുന്നു). കോടതി ഉത്തരവുകൾ പ്രകാരം 695 അപേക്ഷകളും (മുൻവർഷം 588), ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് 210 അപേക്ഷകളും (മുൻവർഷം 181), സർക്കാരിനെ വിമർശിച്ചതുമായി ബന്ധപ്പെട്ട് 74 അപേക്ഷകളും (മുൻവർഷം 18) ലഭിച്ചതായി ഗൂഗിളിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ALSO READ: അടുത്ത മാസവും പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് കാനഡ; വായ്പക്കാർക്ക് തിരിച്ചടി
ഗൂഗിൾ സേവനങ്ങളിൽ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ 92 ശതമാനവും (59,779 എണ്ണം) യൂട്യൂബിലാണ്. പ്രാദേശിക നിയമപ്രകാരം ഗൂഗിൾ ആകെ നീക്കം ചെയ്ത 19,883 ഉള്ളടക്കങ്ങളിൽ 17,700 എണ്ണവും യൂട്യൂബ് വീഡിയോകളാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓൺലൈൻ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ കർശനമാക്കിയതിന് പിന്നാലെയാണ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഈ റെക്കോർഡ് നടപടികൾ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





