ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാര കരാറിൽ ധാരണയായില്ലെങ്കിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം വരെ ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ നീക്കം. എന്നാൽ, അമേരിക്കയുടെ ഈ നിർദ്ദേശം വിശദമായി പരിശോധിച്ചുവരികയാണെന്നും രാജ്യത്ത് ഒരു മേഖലയിലും ആവശ്യത്തിലധികം ഉൽപ്പാദന ശേഷി (‘സ്ട്രക്ചറൽ എക്സസ് കപ്പാസിറ്റി’) ഇല്ലെന്നും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കൻ വ്യാപാര പ്രതിനിധി (USTR) സെക്ഷൻ 301 പ്രകാരം ഇന്ത്യയടക്കം 14 സമ്പദ്വ്യവസ്ഥകൾക്കെതിരെ പുറത്തിറക്കിയ നോട്ടീസിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.

ഇന്ത്യ ആവശ്യത്തിലധികം ഉൽപ്പാദനം നടത്തുന്നുവെന്നും വിപണിയിൽ പ്രവേശിക്കുന്നത് കടുപ്പമാക്കുന്നുവെന്നും തൊഴിലാളികൾക്ക് മതിയായ സംരക്ഷണം നൽകുന്നില്ലെന്നുമാണ് അമേരിക്കയുടെ ആരോപണം. ഇത് അമേരിക്കൻ കമ്പനികൾക്ക് തിരിച്ചടിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി മാർച്ചിൽ 16 സമ്പദ്വ്യവസ്ഥകളെ കേന്ദ്രീകരിച്ച് യു.എസ്.ടി.ആർ അന്വേഷണം ആരംഭിച്ചിരുന്നു. ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, ഐ.സി.ടി ഉൽപ്പന്നങ്ങൾ എന്നിവയിൽ ഇന്ത്യയ്ക്ക് വ്യാപാര മിച്ചമുണ്ടെന്നും, ഇത് ചില പ്രധാന മേഖലകളിൽ ഇന്ത്യൻ നിർമ്മാണത്തെ അമിതമായി ആശ്രയിക്കുന്ന അവസ്ഥയുണ്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ദശാബ്ദങ്ങളായി പല വ്യാപാര പങ്കാളികളും വിപണിയെ അട്ടിമറിക്കുന്ന നയങ്ങളിലൂടെ അമേരിക്കയുടെ വ്യാവസായിക അടിത്തറ തകർക്കുകയാണെന്ന് യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ ആരോപിച്ചു.
ഇന്ത്യയ്ക്ക് പുറമെ ചൈനയടക്കമുള്ള മറ്റ് രാജ്യങ്ങൾക്ക് 20 മുതൽ 35 ശതമാനം വരെയാണ് തീരുവ നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ വാഷിംഗ്ടണുമായി കരാറുകളുള്ള രാജ്യങ്ങൾക്ക് ഇളവുണ്ടാകും. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്വാൻ, സ്വിറ്റ്സർലൻഡ് എന്നിവർക്ക് സാധാരണ ഇറക്കുമതി തീരുവ ഉൾപ്പെടെ 15 ശതമാനവും, വ്യാപാര കരാർ അന്തിമമാകുന്നതോടെ വിയറ്റ്നാമിന് 20 ശതമാനവുമായിരിക്കും നിരക്ക്. ട്രംപ് ഭരണകൂടം നേരത്തെ ഏർപ്പെടുത്തിയ വ്യാപക തീരുവകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെയാണ് സെക്ഷൻ 301 പ്രകാരം യു.എസ്.ടി.ആർ പുതിയ അന്വേഷണങ്ങൾക്ക് തുടക്കമിട്ടത്.
കോടതി വിധിയെത്തുടർന്ന് ഫെബ്രുവരിയിൽ തയ്യാറാക്കിയ ഇന്ത്യ-യു.എസ് വ്യാപാര ചട്ടക്കൂട് വീണ്ടും ചർച്ചകളിലേക്ക് മടങ്ങിയെത്തിയിരുന്നു. നിലവിൽ ഇരുരാജ്യങ്ങളും ഒരു ഇടക്കാല ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകളിലാണ്. വ്യാപാര സംബന്ധമായ എല്ലാ ആശങ്കകളും ഈ ചർച്ചകളുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാടെന്നും, കരാർ എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: അടുത്ത മാസവും പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് കാനഡ; വായ്പക്കാർക്ക് തിരിച്ചടി
തീരുവ നിർദ്ദേശങ്ങളിന്മേലുള്ള പൊതുജനാഭിപ്രായം തേടുന്ന ഹിയറിംഗ് അടുത്ത വർഷം ജനുവരി 25-ന് നടത്താനാണ് യു.എസ് വ്യാപാര പ്രതിനിധിയുടെ തീരുമാനം. താൽപ്പര്യമുള്ളവർക്ക് ജനുവരി അഞ്ചിനകം രേഖാമൂലം അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. അതുവരെ ഈ നിർദ്ദേശങ്ങൾ ചർച്ചയ്ക്കായി തുറന്നിട്ടിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




