ഓട്ടവ: ടെമ്പററി റെസിഡൻസ് വിസകളുടെ പ്രോസസിംഗ് സമയത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കനേഡിയൻ ഇമിഗ്രേഷൻ വിഭാഗം. നവംബർ 25-ന് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകർക്ക് കാത്തിരിപ്പ് സമയം ഒരാഴ്ച കുറഞ്ഞിട്ടുണ്ട്. എന്നാൽ, വിസിറ്റർ വിസ, സൂപ്പർ വിസ എന്നിവയുടെ സമയപരിധിയിൽ നേരിയ വർദ്ധനവുണ്ടായി.
പുതിയ മാറ്റങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് അപേക്ഷകരുടെ കാത്തിരിപ്പ് സമയം പത്ത് ആഴ്ചയിൽ നിന്ന് ഒൻപത് ആഴ്ചയായി കുറഞ്ഞു. കാനഡയ്ക്കുള്ളിൽ നിന്നുള്ള വർക്ക് പെർമിറ്റ് എക്സ്റ്റൻഷൻ സമയവും പതിമൂന്ന് ആഴ്ചയിൽ നിന്ന് പന്ത്രണ്ട് ആഴ്ചയായി കുറഞ്ഞിട്ടുണ്ട്. പോസ്റ്റ്-ഗ്രാജുവേഷൻ വർക്ക് പെർമിറ്റ്, ബ്രിഡ്ജിംഗ് ഓപ്പൺ വർക്ക് പെർമിറ്റ് എന്നിവയ്ക്കെല്ലാം ഈ ഇളവ് ബാധകമാണ്. അതേസമയം, അമേരിക്കയിൽ നിന്നുള്ള അപേക്ഷകർക്ക് വർക്ക് പെർമിറ്റ് പ്രോസസിംഗ് സമയം മൂന്നിൽ നിന്ന് നാല് ആഴ്ചയായി കൂടി.
സ്റ്റഡി പെർമിറ്റിന്റെ കാര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പ്രോസസിംഗ് സമയത്തിൽ മാറ്റമില്ല. ഇത് ഏഴ് ആഴ്ചയായി തുടരുകയാണ്. അമേരിക്കയിൽ നിന്നുള്ളവർക്കും ഇതിൽ മാറ്റമില്ല. നാല് ആഴ്ച തന്നെയാണ് പ്രോസസ്സിംഗ് സമയം. പാകിസ്ഥാൻ, നൈജീരിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് കാത്തിരിപ്പ് സമയം ഒരാഴ്ച കൂടിയിട്ടുണ്ട്.
വിസിറ്റർ വിസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാർക്കുള്ള സമയം 31 ദിവസത്തിൽ നിന്ന് 33 ദിവസമായി വർദ്ധിച്ചു. അമേരിക്കയിൽ ഇത് 18ൽ നിന്ന് 21 ദിവസമായി ഉയർന്നു. പാകിസ്ഥാൻ, നൈജീരിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ സമയം കുറഞ്ഞു. മാതാപിതാക്കൾക്കും ഗ്രാന്റ് പേരന്റ്സിനുമുള്ള സൂപ്പർ വിസയുടെ കാര്യത്തിൽ ഇന്ത്യക്കാർക്ക് കാത്തിരിപ്പ് സമയം 88 ദിവസത്തിൽ നിന്ന് 91 ദിവസമായി ഉയർന്നു. ഫിലിപ്പീൻസിൽ 17 ദിവസത്തെ വലിയ കുറവുണ്ടായപ്പോൾ അമേരിക്കയിൽ 11 ദിവസം വർദ്ധിച്ചു. കൂടാതെ, കാനഡയ്ക്കുള്ളിൽ നിന്നുള്ള വിസിറ്റർ റെക്കോർഡ് അപേക്ഷകളുടെ പ്രോസസിംഗ് സമയം 296 ദിവസത്തിൽ നിന്ന് 280 ദിവസമായി കുറഞ്ഞിട്ടുമുണ്ട്.
Also Read: CRS സ്കോർ കുതിക്കുന്നു! എക്സ്പ്രസ് എൻട്രി പൂളിൽ ഒറ്റ മാസത്തിനിടെ 500+ സ്കോർ നേടിയത് 45,822 പേർ
നിലവിലെ അപേക്ഷകളുടെ എണ്ണവും ലഭ്യമായ ഉദ്യോഗസ്ഥരുടെ എണ്ണവും കണക്കിലെടുത്താണ് IRCC ഓരോ ആഴ്ചയും പ്രോസസിംഗ് സമയം പുതുക്കുന്നത്. ഈ വർഷം ആദ്യ ഒൻപത് മാസത്തിനുള്ളിൽ ഇരുപത്തിരണ്ട് ലക്ഷത്തിലധികം താൽക്കാലിക താമസ അപേക്ഷകളാണ് IRCC തീർപ്പാക്കിയത്. അടുത്ത പുതുക്കിയ കണക്കുകൾ ഡിസംബർ രണ്ടിന് പുറത്തുവിടും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





