റോം: 2001 മുതൽ 2021 വരെയുള്ള കാലയളവിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകളിൽ ഇറ്റലിയിൽ 57 വൈദികർക്ക് അന്തിമ കോടതി ശിക്ഷ ലഭിച്ചതായി റിപ്പോർട്ട്. ഇറ്റാലിയൻ ബിഷപ്പുമാരുടെ സംഘടനയായ CEI നിയോഗിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ നൽകിയത്.

2001-നും 2021-നും ഇടയിൽ സഭാ അധികൃതർക്ക് ലഭിച്ച 378 പരാതികളാണ് റിപ്പോർട്ടിൽ പരിശോധിച്ചത്. 356 വൈദികർക്കെതിരെ 880 അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 385 പേർ ഇരകളാണ്. 123 പേരെ നിയമനടപടികൾക്കായി കൈമാറി. ഇതിൽ 57 പേർക്ക് അന്തിമ ശിക്ഷ ലഭിച്ചു. 218 വൈദികർക്കെതിരെ സഭ അച്ചടക്ക നടപടിയും സ്വീകരിച്ചു.
റിപ്പോർട്ട് ചെയ്ത ഇരകളിൽ 70 ശതമാനത്തോളം പുരുഷന്മാരാണ്. 14-നും 17-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികളാണ് ഏറ്റവും കൂടുതൽ അതിക്രമത്തിന് ഇരയായത്. ആരോപണവിധേയരായ വൈദികരിൽ 87 പേരെ സഭയിൽനിന്ന് പുറത്താക്കുകയും താൽക്കാലികമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു. 39 പേർ വിരമിക്കുകയും 67 പേർ മരിക്കുകയും ചെയ്തു.
ALSO READ: കുട്ടികളുടെ ചിത്രങ്ങൾ സുരക്ഷിതമോ? AI ദുരുപയോഗത്തിൽ മുന്നറിയിപ്പുമായി PEI പോലീസ്
എന്നാൽ സഭയുടെ രേഖകളെ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനം രാജ്യത്തെ അതിക്രമങ്ങളുടെ പൂർണചിത്രം നൽകുന്നില്ലെന്ന് റിപ്പോർട്ട് തയ്യാറാക്കിയവർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇറ്റലിയിലെ ഇരകളുടെ സംഘടനയായ Rete l’Abuso, 2020 മുതൽ ഏകദേശം 4,400 പേർ വൈദികരിൽനിന്ന് ലൈംഗികാതിക്രമത്തിന് ഇരയായതായി കണക്കാക്കിയിരുന്നു. പുതിയ റിപ്പോർട്ട് അപര്യാപ്തമാണെന്ന് സംഘടന വിമർശിച്ചു.
ഇരകൾക്ക് സഹായം നൽകാൻ ഹെൽപ്ലൈൻ ആരംഭിക്കണമെന്നും കൂടുതൽ പേർ പരാതിയുമായി മുന്നോട്ടുവരാൻ ബോധവത്കരണ ക്യാംപയിൻ നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്തു. അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ സ്ഥിരം നിരീക്ഷണ സംവിധാനവും രൂപീകരിക്കാൻ ഇറ്റാലിയൻ ബിഷപ്പുമാരുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
’57 Italian Priests Sentenced in Child Abuse Cases’




