ദുബായ്: യുഎഇയിലെ റാസൽഖൈമയിലുണ്ടായ ബസ് അപകടത്തിൽ മരിച്ച 13 പേരിൽ രണ്ട് മലയാളികളെയും തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശി സങ്കീർത്ത സുരേഷ് (26), മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഹേമന്ത് പുതിയകാവിൽ (29) എന്നിവരാണ് മരിച്ച മലയാളികൾ. ഇവരെക്കൂടാതെ ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31), ഗുജറാത്ത് സ്വദേശി മഹിമ സോണി എന്നിവരുടെ മരണവും ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.
റാസൽഖൈമയിലെ അൽ വതൻ റോഡിൽ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. ഒമാനിൽ പോയി വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് 41 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഇതിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകാനുണ്ട്. മരിച്ച മറ്റ് രണ്ട് പേരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും ഒരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read: പി.ആർ വേഗത്തിലാകുമോ? ലക്ഷ്യം തികയ്ക്കാൻ കാനഡയ്ക്ക് ഇനി വേണ്ടത് 1,27,800 പേരെ; നിർണായകമായി 3 മാസം
അപകടത്തിൽ പരിക്കേറ്റ 26 പേരിൽ 12 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. ബാക്കിയുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്കും അടിയന്തര സഹായത്തിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ലൈൻ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങൾക്കായി 800 46342 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





