ഓട്ടവ: കാനഡയിൽ 2026 നവംബർ 24 മുതൽ നവംബർ 30 വരെയുള്ള അവസാന ആഴ്ചയിൽ നിരവധി സാമ്പത്തിക ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്. കാനഡ പെൻഷൻ പ്ലാൻ, ഓൾഡ് ഏജ് സെക്യൂരിറ്റി, ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് തുടങ്ങിയ ഫെഡറൽ ആനുകൂല്യങ്ങൾക്കൊപ്പം കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ഈ സാമ്പത്തിക സഹായം ലഭിക്കും.
2026 നവംബർ അവസാന ആഴ്ചയിലെ പേയ്‌മെന്റുകളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദശലക്ഷക്കണക്കിന് കനേഡിയൻ താമസക്കാർക്ക് ഈ ദിവസങ്ങളിൽ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ലഭിക്കും. ഫെഡറൽ സർക്കാരിന് കീഴിലുള്ള സർവീസ് കാനഡയും കാനഡ റവന്യൂ ഏജൻസിയും (CRA) വിവിധ പ്രവിശ്യാ സർക്കാരുകളും വഴിയാണ് തുക വിതരണം ചെയ്യുന്നത്. ഓരോ പദ്ധതിയുടെയും യോഗ്യതയും ലഭിക്കുന്ന തുകയും വ്യത്യസ്തമാണ്.
നവംബർ 26 ആണ് ഈ മാസത്തെ പ്രധാന ഫെഡറൽ ആനുകൂല്യ പേയ്‌മെന്റ് തീയതി. കാനഡ പെൻഷൻ പ്ലാൻ, ഓൾഡ് ഏജ് സെക്യൂരിറ്റി, ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റ് എന്നിവയുടെ തുകകൾ അന്നാണ് വിതരണം ചെയ്യുന്നത്. വിരമിച്ചവർ, കുറഞ്ഞ വരുമാനമുള്ള മുതിർന്ന പൗരന്മാർ, പെൻഷൻ പദ്ധതിയിൽ സംഭാവന നൽകിയിട്ടുള്ളവർ എന്നിവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
65 വയസും അതിൽ കൂടുതലുമുള്ളവർക്ക് നൽകുന്ന പ്രതിമാസ പെൻഷനാണ് ഓൾഡ് ഏജ് സെക്യൂരിറ്റി. 65 മുതൽ 74 വയസ്സ് വരെയുള്ളവർക്ക് പ്രതിമാസം പരമാവധി 762.50 ഡോളറും 75 വയസും അതിൽ കൂടുതലുമുള്ളവർക്ക് 838.75 ഡോളറും ലഭിക്കാം. കാനഡയിൽ കുറഞ്ഞ വരുമാനമുള്ള OAS ഗുണഭോക്താക്കൾക്ക് അധിക സാമ്പത്തിക സഹായമായി ഗ്യാരണ്ടീഡ് ഇൻകം സപ്ലിമെന്റും ലഭിക്കും. ഇതിന്റെ പരമാവധി പ്രതിമാസ തുക 1,138.90 ഡോളറാണ്. എന്നാൽ വരുമാനവും കുടുംബ സാഹചര്യങ്ങളും അനുസരിച്ചാണ് GIS തുക നിശ്ചയിക്കുന്നത്.
കാനഡ പെൻഷൻ പ്ലാൻ വഴി വിരമിക്കൽ പെൻഷൻ ലഭിക്കുന്നവർക്കും നവംബർ 26-ന് പണം ലഭിക്കും. ജോലിചെയ്തിരുന്ന കാലത്ത് പദ്ധതിയിലേക്ക് സംഭാവന നൽകിയവർക്കാണ് ഇതിന് അർഹതയുള്ളത്. 2026-ൽ 65 വയസിൽ പെൻഷൻ ആരംഭിക്കുന്ന പുതിയ ഗുണഭോക്താവിന് പ്രതിമാസം പരമാവധി 1,507.65 ഡോളർ ലഭിക്കാം. എന്നാൽ ഭൂരിഭാഗം ആളുകൾക്കും ലഭിക്കുന്ന തുക അവരുടെ തൊഴിൽകാലത്തെ സംഭാവനകളെ ആശ്രയിച്ചിരിക്കും. ശരാശരി പ്രതിമാസ പെൻഷൻ ഏകദേശം 858.34 ഡോളറാണ്.
ഫെഡറൽ ആനുകൂല്യങ്ങൾക്ക് പുറമെ വിവിധ പ്രവിശ്യകളിലും സഹായധനം വിതരണം ചെയ്യും. നവംബർ 24-ന് ആൽബർട്ടയിലെ മുതിർന്ന പൗരന്മാർക്കുള്ള സീനിയേഴ്സ് ബെനിഫിറ്റ് വിതരണം ചെയ്യും. കുറഞ്ഞ വരുമാനമുള്ള 65 വയസും അതിൽ കൂടുതലുമുള്ളവർക്കാണ് ഈ സഹായം ലഭിക്കുന്നത്. നവംബർ 25-ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിലെ യോഗ്യരായ ഭിന്നശേഷിക്കാർക്ക് പ്രതിമാസം 400 ഡോളർ വരെ ലഭിക്കുന്ന ഡിസെബിലിറ്റി ബെനിഫിറ്റും ആൽബർട്ടയിലെ AISH, ADAP പദ്ധതികളുടെ സഹായവും വിതരണം ചെയ്യും. ഒന്റാരിയോയിലെ കുറഞ്ഞ വരുമാനമുള്ള മുതിർന്ന പൗരന്മാർക്കുള്ള GAINS ആനുകൂല്യവും അന്നാണ് പ്രതീക്ഷിക്കുന്നത്.
നവംബർ 27-ന് ആൽബർട്ട ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ്, വെറ്ററൻസ് അഫയേഴ്സ് ഡിസെബിലിറ്റി പെൻഷൻ, സസ്കാച്വാനിലെ വരുമാന സഹായ പദ്ധതികൾ എന്നിവയുടെ തുക ലഭിക്കും. ആൽബർട്ടയിൽ കുട്ടികളെ വളർത്തുന്ന കുറഞ്ഞ, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്കാണ് ചൈൽഡ് ആൻഡ് ഫാമിലി ബെനിഫിറ്റ് നൽകുന്നത്. കുടുംബത്തിലെ കുട്ടികളുടെ എണ്ണവും വരുമാനവും അനുസരിച്ചാണ് ലഭിക്കുന്ന തുക കണക്കാക്കുന്നത്. സൈനിക സേവനവുമായി ബന്ധപ്പെട്ട ഭിന്നശേഷിക്കാരായ മുൻ സൈനികർക്കാണ് വെറ്ററൻസ് ഡിസെബിലിറ്റി പെൻഷൻ ലഭിക്കുന്നത്.
നവംബർ 30-നും നിരവധി പ്രവിശ്യാ ആനുകൂല്യങ്ങൾ വിതരണം ചെയ്യും. ഒന്റാരിയോ ഡിസെബിലിറ്റി സപ്പോർട്ട് പ്രോഗ്രാം (ODSP), ഒന്റാറിയോ വർക്ക്സ്, ക്യുബെക്ക് പെൻഷൻ പ്ലാൻ, പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സോഷ്യൽ അസിസ്റ്റൻസ്, ബ്രിട്ടീഷ് കൊളംബിയയിലെ വാടക സഹായ പദ്ധതികളായ SAFER, RAP എന്നിവയുടെ പേയ്‌മെന്റുകളാണ് അന്നുണ്ടാകുക. ODSP വഴി യോഗ്യരായ ഒരാൾക്ക് പ്രതിമാസം പരമാവധി 1,436 ഡോളർ ലഭിക്കും.
അതേസമയം, നവംബറിൽ GST/HST ക്രെഡിറ്റിന് പ്രത്യേക പേയ്‌മെന്റ് നിശ്ചയിച്ചിട്ടില്ല. 2026 ജൂലൈ മുതൽ GST/HST ക്രെഡിറ്റിന് പകരമായി കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനിഫിറ്റ് നിലവിൽ വന്നിട്ടുണ്ട്. ഈ പദ്ധതിയുടെ അടുത്ത മൂന്നുമാസ പേയ്‌മെന്റ് 2027 ജനുവരിയിലാണ് പ്രതീക്ഷിക്കുന്നത്.
Also Read: ലോട്ടോ 6/49 ഭാഗ്യം തേടിയെത്തി; കാനഡയിൽ മലയാളി യുവതിക്ക് അടിച്ചത് 5 മില്യൺ ഡോളറിന്റെ ലോട്ടറി
ആനുകൂല്യങ്ങൾ ലഭിക്കേണ്ടവർ തങ്ങളുടെ യോഗ്യതയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ വഴി പരിശോധിക്കണം. പല പദ്ധതികളിലും വാർഷിക നികുതി റിട്ടേൺ സമർപ്പിക്കുന്നത് യോഗ്യത നിലനിർത്താൻ നിർബന്ധമാണ്. പ്രതീക്ഷിച്ച തീയതിയിൽ പണം ലഭിച്ചില്ലെങ്കിൽ ഉടൻ പരാതി നൽകാതെ ബന്ധപ്പെട്ട പദ്ധതിയുടെ നിർദേശപ്രകാരമുള്ള കാത്തിരിപ്പ് കാലാവധി പൂർത്തിയാക്കിയ ശേഷം CRAയെയോ ബന്ധപ്പെട്ട പ്രവിശ്യാ ഓഫീസിനെയോ സമീപിക്കണമെന്നും നിർദേശമുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





