ഓട്ടവ: കാനഡയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കനേഡിയൻ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ‘ക്ലൈമറ്റ് പ്രോഗ്രസ് ട്രാക്കർ’ പുറത്തിറക്കി. രാജ്യത്തെ ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എവിടെയാണ് മുന്നേറുന്നതെന്നും എവിടെയാണ് പിന്നോട്ട് പോകുന്നതെന്നും വിലയിരുത്തുകയാണ് ഈ ഡാറ്റാ ഉപകരണത്തിന്റെ ലക്ഷ്യം.
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന, ശുദ്ധമായ ഊർജ ഉൽപ്പാദനം, കാർബൺ പുറന്തള്ളലിലെ മാറ്റങ്ങൾ, വ്യവസായ മേഖലയിലെ പ്രവർത്തനം, പരിസ്ഥിതി സൗഹൃദ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച തുടങ്ങി അഞ്ച് മേഖലകളിലെ കാനഡയുടെ പുരോഗതി വിലയിരുത്തുന്നു. 440 മെഗാടൺസ് പദ്ധതിയാണ് ഈ ട്രാക്കർ തയ്യാറാക്കിയത്. 40-ലധികം കാര്യങ്ങൾ പരിശോധിച്ച് കാലാവസ്ഥാ പ്രവർത്തനങ്ങളിൽ രാജ്യം എത്രത്തോളം മുന്നേറുന്നുവെന്നും ഏതൊക്കെ മേഖലകളിൽ കൂടുതൽ നടപടികൾ ആവശ്യമാണെന്നും ഇതിലൂടെ മനസ്സിലാക്കാം. കാനഡയുടെ കാലാവസ്ഥാ പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി അറിയാൻ സഹായിക്കുന്ന സംവിധാനമാണിത്.
ട്രാക്കറിന്റെ ആദ്യഘട്ട വിലയിരുത്തലിൽ ഗതാഗത മേഖലയിലാണ് കാനഡ മികച്ച പുരോഗതി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർധിച്ചതായും ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കൂടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളിൽ ഫാസ്റ്റ് ചാർജിംഗ് സംവിധാനങ്ങളുടെ എണ്ണം വർധിച്ചതും നേട്ടമായി ചൂണ്ടിക്കാട്ടുന്നു. വീടുകളിൽ പ്രകൃതിവാതകത്തിന്റെ ഉപയോഗം കുറയുന്നതും മറ്റൊരു അനുകൂല സൂചനയാണ്. ഹീറ്റ് പമ്പുകൾ ഉപയോഗിച്ച് വീടുകൾ ചൂടാക്കുന്ന സംവിധാനത്തിലേക്ക് മാറുന്നത് പ്രകൃതിവാതക ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്നുണ്ട്.
കുറഞ്ഞ കാർബൺ പുറന്തള്ളുന്ന ഉൽപ്പന്നങ്ങളുടെയും കാനഡയിൽ നിർമ്മിക്കുന്ന ക്ലീൻടെക് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി വർധിച്ചതാണ് ഈ മേഖലയിലെ പ്രധാന പുരോഗതി. എന്നാൽ, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഹരിതഗൃഹ വാതക പുറന്തള്ളൽ കുറയ്ക്കുന്നതിൽ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ 12 മാസത്തിനിടെ ദേശീയ ഉദ്‌വമനം 0.4 ശതമാനം മാത്രമാണ് കുറഞ്ഞത്. പ്രകൃതിവാതകം ഉപയോഗിച്ചുള്ള വൈദ്യുതി ഉൽപ്പാദനം വർധിക്കുന്നതും ആശങ്കയ്ക്ക് കാരണമാകുന്നു. ആൽബർട്ടയിലെ വ്യാവസായിക കാർബൺ വിപണിയുടെ പ്രവർത്തനവും പ്രതീക്ഷിച്ച പുരോഗതിയിലല്ലെന്നാണ് വിലയിരുത്തൽ. ശുദ്ധമായ ഊർജ ഉൽപ്പാദനം വർധിപ്പിക്കേണ്ട മേഖലകളിൽ ഇപ്പോഴും വെല്ലുവിളികൾ നിലനിൽക്കുന്നുണ്ട്.
Also Read: IRCC പ്രോസസ്സിംഗ് സമയം പുതുക്കി; പുതിയ മാറ്റങ്ങൾ അറിയാം
പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിൽ കാനഡയുടെ കാലാവസ്ഥാ നയങ്ങളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഏർപ്പെടുത്തിയിരുന്ന കാർബൺ വില ഒഴിവാക്കിയതും എണ്ണ, വാതക മേഖലകളിലെ കാർബൺ പുറന്തള്ളൽ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ ഉപേക്ഷിച്ചതും ഇതിൽ ഉൾപ്പെടുന്നു. അതേസമയം, വൈദ്യുതി ഉപയോഗം വർധിപ്പിക്കുക, പുനരുപയോഗ ഊർജം വികസിപ്പിക്കുക, രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനങ്ങൾ നവീകരിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 52 ബില്യൺ ഡോളർ ഉൾപ്പെടുന്ന ബജറ്റുമായി സർക്കാർ മുന്നോട്ട് പോകുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





