ന്യൂഡൽഹി: മുൻപ് നിയന്ത്രണങ്ങളുണ്ടായിരുന്ന വ്യോമപാതകൾ വീണ്ടും തുറന്നതോടെ, ഡൽഹിയിലേയും, മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള എല്ലാ സർവീസുകളും നോൺ-സ്റ്റോപ്പ് വിമാനങ്ങളായി എയർ ഇന്ത്യ പുനരാരംഭിച്ചു. ഇതോടെ ഈ റൂട്ടുകളിലെ ആകെ യാത്രാസമയത്തിൽ അഞ്ച് മണിക്കൂർ വരെ കുറവുണ്ടാകും. നേരത്തെ ഇന്ധനം നിറയ്ക്കുന്നതിനായി ഇടത്താവളങ്ങളിൽ ഇറങ്ങിയിരുന്നതിനാൽ 22 മണിക്കൂർ വരെ എടുത്തിരുന്ന യാത്ര ഇനി ഏകദേശം 17 മണിക്കൂറായി ചുരുങ്ങും.
ഈ വർഷം ആദ്യം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്ഥാൻ വ്യോമപാത അടച്ചതും, പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഇന്ത്യ-വടക്കേ അമേരിക്ക വിമാന സർവീസുകളെ ബാധിച്ചിരുന്നത്. ഇതിനെത്തുടർന്ന് ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി (JFK), നെവാർക്ക് ലിബർട്ടി (EWR) വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ ഇന്ധനം നിറയ്ക്കുന്നതിനായി റോമിൽ ഇറങ്ങിയാണ് സർവീസ് നടത്തിയിരുന്നത്.
വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീങ്ങിയതോടെ നാല് ഇന്ത്യ-ന്യൂയോർക്ക് റൂട്ടുകളിലും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ പുനഃസ്ഥാപിച്ചു. നിലവിൽ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ജെ.എഫ്.കെ വിമാനത്താവളത്തിലേക്ക് പ്രതിദിനം ഓരോ സർവീസ് വീതവും, നെവാർക്കിലേക്ക് ഡൽഹിയിൽ നിന്ന് ആഴ്ചയിൽ നാല് സർവീസുകളും മുംബൈയിൽ നിന്ന് ആഴ്ചയിൽ മൂന്ന് സർവീസുകളുമാണ് എയർ ഇന്ത്യ നടത്തുന്നത്.
Also Read: മിനിമം വേതനം പോരാ; കാനഡയിലെ ജീവിതം ചെലവേറുന്നു; 59 നഗരങ്ങളിലെ കണക്കുകൾ പുറത്ത്
ഡൽഹിയിൽ നിന്നുള്ള സർവീസുകളിൽ എയർബസ് A350-900 വിമാനങ്ങളും, മുംബൈയിൽ നിന്നുള്ളവയിൽ നവീകരിച്ച ബോയിംഗ് 777-300ER വിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്. ഫസ്റ്റ് ക്ലാസ് സ്യൂട്ടുകൾ, ബിസിനസ് ക്ലാസ് ഫ്ലാറ്റ് ബെഡുകൾ, പ്രീമിയം ഇക്കണോമി എന്നിവയടക്കം അത്യാധുനിക സൗകര്യങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ വേഗതയേറിയതും സുഖകരവുമായ യാത്രാനുഭവമാണ് ഇതിലൂടെ ലഭിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





