ന്യൂയോർക്ക്: നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (SFJ) നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ നൽകിയ സിവിൽ കേസിൽ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ ‘റോ’ (RAW) മേധാവി സാമന്ത് ഗോയലിനും ഡൽഹിയിലെ കോടതികൾ വഴി സമൻസ് അയക്കാൻ യുഎസ് ഫെഡറൽ കോടതി അനുമതി നൽകി. അമേരിക്കൻ സന്ദർശന വേളകളിൽ ഡോവലിന് നേരിട്ട് സമൻസ് നൽകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി കാതറിൻ പോൾക്ക് ഫെയ്ലയുടെ ഈ ഉത്തരവ്.
ഹേഗ് കൺവെൻഷൻ ആർട്ടിക്കിൾ 19 പ്രകാരം, വിദേശ കോടതികളുടെ രേഖകൾ ഇന്ത്യൻ കോടതി സംവിധാനം വഴി കൈമാറാമെന്ന പന്നൂന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഡൽഹിയിലെ പട്യാല ഹൗസ്, ദ്വാരക, തീസ് ഹസാരി എന്നീ കോടതി സമുച്ചയങ്ങൾ വഴി സമൻസ് അയക്കാനാണ് അനുമതി. നവംബർ 30-നകം ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ പന്നൂനോട് കോടതി നിർദ്ദേശിച്ചു.
എന്നാൽ, ഉദ്യോഗസ്ഥർക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളും കേസും ഇന്ത്യ തള്ളിക്കളഞ്ഞു.
READ MORE: ‘ഇൻഡസ്ട്രി ഭരിക്കാൻ പോകുന്ന താരം’; നസ്ലനെക്കുറിച്ച് ആറ്റ്ലിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു
ഇന്ത്യൻ നിയമ മന്ത്രാലയം വഴി മാത്രമേ വിദേശ കോടതി രേഖകൾ കൈമാറാൻ സാധിക്കൂ എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2024 സെപ്റ്റംബറിലാണ് പന്നൂൻ കേസ് നൽകിയത്. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് പന്നൂൻ. ഈ കേസിലെ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നും, കേസിനെ നിയമപരമായി നേരിടാൻ പ്രതിഭാഗത്തിന് അവകാശമുണ്ടെന്നും യുഎസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





