പ്രേമലുവിലൂടെ ശ്രദ്ധേയനായ നടൻ നസ്ലൻ ഭാവിയിൽ ഇൻഡസ്ട്രി ഭരിക്കുന്ന സൂപ്പർസ്റ്റാറാകുമെന്ന് സംവിധായകൻ ആറ്റ്ലി. ജിത്തു മാധവൻ സംവിധാനം ചെയ്ത സൂര്യ ചിത്രം ‘സീൻ’ കണ്ട ശേഷമാണ് നസ്ലന്റെ പ്രകടനത്തെ പ്രശംസിച്ച് ആറ്റ്ലി രംഗത്തെത്തിയത്. ചിത്രത്തിലെ മറ്റ് താരങ്ങളെയും സംഗീതത്തെയും അദ്ദേഹം അഭിനന്ദിച്ചു.
‘നസ്ലൻ, മൈ ഗോഡ്! എന്തൊരു മികച്ച പെർഫോമറാണ്. നിങ്ങൾ ഒരു സൂപ്പർസ്റ്റാറാകാൻ പോകുന്നയാളാണ് ഭായ്. ഉറപ്പായും ഇൻഡസ്ട്രി ഭരിക്കും’ എന്നാണ് ആറ്റ്ലി എക്സിൽ കുറിച്ചത്. നസ്ലന്റെ സ്ക്രീൻ പ്രസൻസും ഊർജസ്വലമായ പ്രകടനവും തന്നെ ഏറെ ആകർഷിച്ചെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.
ALSO READ: ഇത് ‘Scene’ആണ്! സൂര്യയുടെ അഴിഞ്ഞാട്ടം, കട്ടയ്ക്ക് നസ്ലെനും നസ്രിയയും
സൂര്യയുടെ പ്രകടനത്തെയും മികച്ച തിയേറ്റർ എന്റർടെയ്നറെന്ന നിലയിൽ ചിത്രത്തെയും ആറ്റ്ലി പ്രശംസിച്ചു. തമിഴ് സിനിമയിലേക്കുള്ള നസ്രിയയുടെ തിരിച്ചുവരവും അദ്ദേഹത്തിന്റെ കുറിപ്പിൽ ഇടംപിടിച്ചു. നസ്രിയയുടെ സ്വാഭാവിക അഭിനയവും കോമഡി ടൈമിങ്ങും പ്രത്യേകം എടുത്തുപറഞ്ഞു. ആനന്ദരാജിന്റെ പ്രകടനത്തിനും സുഷിൻ ശ്യാമിന്റെ സംഗീതത്തിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു.
ബോക്സ് ഓഫീസിലും മികച്ച മുന്നേറ്റമാണ് ‘സീൻ’ നടത്തുന്നത്. സാക്നിൽകിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിന്ന് 97.40 കോടി രൂപയാണ് ചിത്രം ഇതുവരെ നെറ്റ് കളക്ഷൻ നേടിയത്. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 113.15 കോടി രൂപയാണ്. വിദേശ വിപണിയിൽ നിന്ന് 61.25 കോടി രൂപയും നേടി.
ഇതോടെ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 174.40 കോടി രൂപയിലെത്തി. 200 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ ഇനി 25.60 കോടി രൂപ കൂടി നേടിയാൽ മതി. റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ആഗോള ബോക്സ് ഓഫീസിൽ 100 കോടി രൂപ പിന്നിട്ട തമിഴ് ചിത്രങ്ങളുടെ പട്ടികയിലും ‘സീൻ’ ഇടംപിടിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





