ചെന്നൈ: സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ കാവ്യ മാരന്റെയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സൂപ്പർസ്റ്റാർ രജനികാന്ത്, എം.കെ. സ്റ്റാലിൻ എന്നിവർക്കൊപ്പം വിജയ് നിൽക്കുന്ന ചിത്രങ്ങൾ സൺ ഗ്രൂപ്പ് പുറത്തുവിട്ടതോടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മൂവരും ആദ്യമായാണ് ഒരു ഫ്രെയിമിൽ ഒന്നിക്കുന്നത്.
ശനിയാഴ്ച ചെന്നൈയിലെ ഐടിസി ഗ്രാൻഡ് ചോളയിലായിരുന്നു പ്രൗഢഗംഭീരമായ വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗവും ചടങ്ങിൽ പങ്കെടുക്കാനെത്തിയതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് റിസപ്ഷന് എത്തിയതെന്നതും ശ്രദ്ധേയമായി.
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എടപ്പാടി കെ. പളനിസാമി തുടങ്ങി രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. കമൽഹാസൻ, മഹേഷ് ബാബു, കാർത്തി, സിദ്ധാർഥ്, അദിതി റാവു ഹൈദരി, രാഘവ ലോറൻസ്, സ്നേഹ, സംവിധായകരായ അറ്റ്ലി, ധരണി എന്നിവർക്കൊപ്പം ക്രിക്കറ്റ് താരങ്ങളായ കെയ്ൻ വില്യംസൺ, ഡെയ്ൽ സ്റ്റെയ്ൻ, മുത്തയ്യ മുരളീധരൻ തുടങ്ങിയവരും നവദമ്പതികൾക്ക് ആശംസകളറിയിക്കാൻ എത്തിയിരുന്നു.
നവംബർ 11-ന് ഗ്രീസിൽ വെച്ച് നടന്ന സ്വകാര്യ വിവാഹ ചടങ്ങുകൾക്ക് ശേഷമാണ് ചെന്നൈയിൽ സിനിമാ-രാഷ്ട്രീയ-കായിക രംഗത്തെ പ്രമുഖർക്കായി വിരുന്ന് ഒരുക്കിയത്. ചടങ്ങിൽ രജനികാന്തും കമൽഹാസനും സൗഹൃദം പങ്കുവെക്കുന്നതും രാഷ്ട്രീയ എതിരാളികളായ സ്റ്റാലിനും എടപ്പാടി പളനിസാമിയും ഒരുമിച്ചിരിക്കുന്നതുമായ ദൃശ്യങ്ങളും ആരാധകർക്കിടയിൽ വലിയ ശ്രദ്ധ നേടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





