മിഷിഗൺ: വിമാനത്താവളങ്ങളുടെ സുരക്ഷാ വിവരങ്ങൾ ചൈനീസ് ഉദ്യോഗസ്ഥനുവേണ്ടി ശേഖരിച്ചെന്ന കേസിൽ വാട്ടർലൂ സർവകലാശാലയിലെ മുൻ വിദ്യാർഥി വെഹെങ് സെങ് (Weiheng Zeng) യുഎസ് കോടതിയിൽ കുറ്റം നിഷേധിച്ചു. യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന കേസിലാണ് സെങ് കുറ്റക്കാരനല്ലെന്ന് വാദിച്ചത്. അടുത്ത വർഷം ജനുവരിയിൽ വിചാരണ ആരംഭിക്കും.
ഓൺലൈൻ ഫോറം വഴി പരിചയപ്പെട്ട ചൈനീസ് വ്യക്തിയുടെ നിർദേശപ്രകാരം ടൊറന്റോയിലെ പിയേഴ്സൺ വിമാനത്താവളത്തിലും ഷിക്കാഗോയിലെ ഒ’ഹെയർ വിമാനത്താവളത്തിലും ചിത്രങ്ങൾ പകർത്തിയെന്നാണ് സെങ്ങിനെതിരായ ആരോപണം. ചൈനീസ് പൗരനായ സെങ് വാട്ടർലൂ സർവകലാശാലയിൽ പഠിക്കുകയായിരുന്നു.
ALSO READ: പോക്കറ്റ് കീറും! കാൽഗറിയിൽ മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും വലിയ വസ്തുനികുതി വർധനവിന് നിർദ്ദേശം
കഴിഞ്ഞ ഏപ്രിൽ 21ന് ഒ’ഹെയർ വിമാനത്താവളത്തിലെ ഫെഡെക്സ് കേന്ദ്രത്തിൽ ഒരാൾ ചിത്രങ്ങൾ പകർത്തുകയും ഫോർക്ക്‌ലിഫ്റ്റിൽ കയറുകയും പൂട്ടിയിട്ട ട്രെയിലറുകൾ തുറക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെക്കുറിച്ചുള്ള എഫ്.ബി.ഐ അന്വേഷണത്തിലാണ് സെങ്ങിന്റെ പേര് ഉയർന്നത്. സംഭവത്തിന് പത്തുദിവസം മുമ്പ് സെങ് ഇതേ പ്രദേശത്ത് എത്തിയിരുന്നതായും അന്വേഷണ രേഖകൾ പറയുന്നു.
ഓഗസ്റ്റ് 23ന് ഇതേ വാഹനത്തിൽ വീണ്ടും അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തി ഉദ്യോഗസ്ഥർ സെങിനെ തടഞ്ഞ് ചോദ്യം ചെയ്തു. വിമാനങ്ങളുടെ ചിത്രങ്ങൾ മാത്രമാണ് പകർത്തിയതെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാൽ ഫോണിൽ നടത്തിയ പരിശോധനയിൽ സൈനിക വിമാനങ്ങളുടെ ചിത്രങ്ങളും സെങും മറ്റു ചിലരും ടാക്റ്റിക്കൽ വസ്ത്രം ധരിച്ച് തോക്കുകളുമായി നിൽക്കുന്ന ചിത്രങ്ങളും കണ്ടെത്തി.
ഫ്ലൈറ്റ് റഡാർ വെബ്‌സൈറ്റിനുവേണ്ടിയാണ് ചിത്രങ്ങൾ പകർത്തിയതെന്നായിരുന്നു സെങ്ങിന്റെ ആദ്യ മൊഴി. പിന്നീട് ചൈനീസ് കോൺടാക്റ്റിന്റെ നിർദേശപ്രകാരം വിമാനത്താവളങ്ങളിലെ ചരക്കുനീക്ക വിവരങ്ങളും പ്രത്യേക സ്ഥലങ്ങളുടെ ചിത്രങ്ങളും ശേഖരിച്ചിരുന്നതായി സമ്മതിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള സ്ഥലങ്ങളുടെ വീഡിയോകളും ഒരു ബാഡ്ജിന്റെ ചിത്രവും ഈ വ്യക്തി അയച്ചുനൽകിയിരുന്നതായും സെങ് മൊഴി നൽകി. ഇയാൾക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
അമേരിക്കൻ ഫെഡറൽ നിയമത്തിലെ 1001-ാം വകുപ്പ് പ്രകാരം ഫെഡറൽ ഉദ്യോഗസ്ഥർക്ക് അറിഞ്ഞുകൊണ്ട് തെറ്റായ വിവരങ്ങൾ നൽകിയെന്ന കുറ്റമാണ് സെങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പരമാവധി അഞ്ച് വർഷം തടവ് ലഭിക്കാം. ചാരപ്രവർത്തനത്തിനുള്ള പ്രത്യേക കുറ്റം നിലവിൽ ചുമത്തിയിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





