ഓട്ടവ: 2027 സാമ്പത്തിക വർഷം മുതൽ കാനഡ വർക്കേഴ്സ് ബെനിഫിറ്റിൽ (CWB) വലിയ തുകയുടെ വർധനവ് പ്രഖ്യാപിച്ച് കനേഡിയൻ ഫെഡറൽ സർക്കാർ. 2026 നവംബർ 5-ന് അവതരിപ്പിച്ച ഫെഡറൽ ബജറ്റിലാണ് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കായി പദ്ധതി കൂടുതൽ ആനുകൂല്യങ്ങളോടെ നടപ്പിലാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്.

നവീകരിച്ച പദ്ധതി ‘ബിൽഡ് കാനഡ വർക്കേഴ്സ് ബെനിഫിറ്റ്’ (Build Canada Workers Benefit – BCWB) എന്ന പേരിൽ അറിയപ്പെടും. പുതിയ നിർദ്ദേശപ്രകാരം, വ്യക്തികൾക്കുള്ള പരമാവധി വാർഷിക ആനുകൂല്യ തുക 1,709 ഡോളറിൽ നിന്ന് 1,859 ഡോളറായും കുടുംബങ്ങൾക്കുള്ള തുക 2,943 ഡോളറിൽ നിന്ന് 3,143 ഡോളറായും ഉയരും. സാധാരണ ലഭിക്കുന്ന പണപ്പെരുപ്പ ക്രമീകരണങ്ങൾക്ക് പുറമേയാണ് ഈ അധിക തുക നൽകുന്നത്.
തൊഴിൽ വരുമാനത്തിന്റെ കുറഞ്ഞ യോഗ്യതാ പരിധി 3,000 ഡോളറിൽ നിന്ന് 500 ഡോളറായി വെട്ടിക്കുറച്ചു. ഇതോടെ ഏകദേശം 1,80,000 അധിക തൊഴിലാളികൾക്ക് കൂടി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഭിന്നശേഷിക്കാരായ തൊഴിലാളികൾക്കുള്ള ഡിസെബിലിറ്റി സപ്ലിമെന്റിന്റെ കുറഞ്ഞ യോഗ്യതാ പരിധി 1,150 ഡോളറിൽ നിന്ന് 200 ഡോളറായും കുറച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ള ചില തൊഴിലാളികൾക്ക് മുൻവർഷങ്ങളേക്കാൾ 675 ഡോളർ മുതൽ 1,000 ഡോളർ വരെ അധികമായി ലഭിക്കാൻ ഇത് സഹായിക്കും. ആകെ 1.9 ദശലക്ഷത്തോളം കനേഡിയൻ തൊഴിലാളികൾക്ക് പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.
ആനുകൂല്യ തുകയിൽ വർധനവുണ്ടാകുമെങ്കിലും, അഡ്വാൻസ് പേയ്മെന്റുകളുടെ വിതരണ രീതിയിൽ മാറ്റം വരും. 2027 ജൂലൈ മുതൽ മുൻവർഷത്തെ അടിസ്ഥാനമാക്കിയുള്ള മുൻകൂർ പേയ്മെന്റ് 50%-ൽ നിന്ന് 25% ആയി കുറയ്ക്കും. 2028 സാമ്പത്തിക വർഷം മുതൽ ഈ അഡ്വാൻസ് പേയ്മെന്റ് രീതി പൂർണ്ണമായി ഒഴിവാക്കുകയും, തൊഴിലാളികൾ ആദായനികുതി റിട്ടേൺ സമർപ്പിച്ച ശേഷം തുക ഒറ്റത്തവണയായി വിതരണം ചെയ്യുകയും ചെയ്യും.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? നവംബറിൽ വരാനിരിക്കുന്നത് 2 CRA പേയ്മെന്റുകൾ
പദ്ധതി ആനുകൂല്യം ലഭിക്കാൻ 19 വയസോ അതിൽ കൂടുതലോ പ്രായമുള്ള കനേഡിയൻ നിവാസികൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ‘ഷെഡ്യൂൾ 6’ സമർപ്പിക്കേണ്ടതുണ്ട്. ഈ പുതിയ മാറ്റങ്ങൾ പാർലമെന്റിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും പ്രാബല്യത്തിൽ വരുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




