ഓട്ടവ: കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് ഇംഗ്ലണ്ടിലെ പ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാലയിൽ പുതിയ ചുമതല. സർവകലാശാലയുടെ ബ്ലാവറ്റ്നിക് സ്കൂൾ ഓഫ് ഗവൺമെന്റിൽ വിശിഷ്ട ഫെലോയായും വേൾഡ് ലീഡേഴ്സ് സർക്കിളിലെ അംഗമായും ട്രൂഡോയെ നിയമിച്ചു. വെള്ളിയാഴ്ചയാണ് സർവകലാശാല ഇക്കാര്യം പ്രഖ്യാപിച്ചത്.

വിവിധ രാജ്യങ്ങളിൽ മുൻപ് ഭരണത്തലവന്മാരായിരുന്നവരുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് വേൾഡ് ലീഡേഴ്സ് സർക്കിൾ. ഭരണരംഗത്തെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെച്ച് ലോകമെമ്പാടുമുള്ള ഭരണസംവിധാനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
പത്ത് വർഷത്തോളം കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന ട്രൂഡോ 2025-ലാണ് സ്ഥാനമൊഴിഞ്ഞത്. ആഗോള രാഷ്ട്രീയത്തിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളുണ്ടായ കാലഘട്ടമായിരുന്നു തന്റെ ഭരണകാലമെന്ന് ട്രൂഡോ പ്രതികരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയും മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും സർക്കാരുകൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണവും ജനാധിപത്യ സ്ഥാപനങ്ങളിലുള്ള പൊതുജനവിശ്വാസവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നയാഗ്ര ഫാൾസ് വിദ്യാർഥികൾക്ക് 1 മില്യൺ സ്കോളർഷിപ്പ്; സേ യെസും നയാഗ്ര സർവകലാശാലയും കൈകോർക്കുന്നു
ഓക്സ്ഫഡിലെ പുതിയ ചുമതലയുടെ ഭാഗമായി വിദ്യാർത്ഥികളുമായും പൂർവവിദ്യാർത്ഥികളുമായും സംവദിക്കുക, അവരെ മാർഗനിർദേശം നൽകുക, ലോകനേതാക്കളെ പങ്കെടുപ്പിച്ച് ചർച്ചകൾ സംഘടിപ്പിക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ട്രൂഡോയ്ക്കുണ്ടാകും.
ന്യൂസിലൻഡിന്റെ മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൺ, ബ്രിട്ടന്റെ മുൻ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരും വേൾഡ് ലീഡേഴ്സ് സർക്കിളിലെ അംഗങ്ങളാണ്.
അതേസമയം, കഴിഞ്ഞ സെപ്റ്റംബറിൽ ട്രൂഡോ തന്റെ മുൻ ചീഫ് ഓഫ് സ്റ്റാഫ് കാറ്റി ടെൽഫോർഡുമായി ചേർന്ന് ‘ഹോപ്പ് ആൻഡ് ഹാർഡ് വർക്ക്’ എന്ന പേരിൽ നിർമാണക്കമ്പനിയും ആരംഭിച്ചിരുന്നു. തിരക്കഥയുള്ളതും അല്ലാത്തതുമായ പരിപാടികളും ദൃശ്യാവിഷ്കാരങ്ങളുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Justin Trudeau Gets New Role at Oxford University’




