കാൽഗറി: ഗ്രൂപ്പ് ചാറ്റിൽ തമാശയായി തുടങ്ങി ഒടുവിൽ കോടീശ്വരന്മാരായി മാറിയതിന്റെ ആവേശത്തിലാണ് കാൽഗറിയിൽ നിന്നുള്ള നാല് സുഹൃത്തുക്കൾ. കാനഡയിലെ ഏറ്റവും ഉയർന്ന ലോട്ടോ മാക്സ് ജാക്ക്പോട്ടായ 90 മില്യൺ ഡോളർ വിജയിച്ചാണ് ഈ നാലംഗ സംഘം ചരിത്രത്തിലിടം പിടിച്ചത്. ഈഡൽസൺ എൽചിക്കോ, ലൗലിൻ മൽവാർ, ഹേസലിൻ ഒംഗ, വെൽന റാമറസ് എന്നിവരാണ് ഈ ഭാഗ്യശാലികൾ. ഒക്ടോബർ 20-ന് നടന്ന നറുക്കെടുപ്പിലാണ് ഇവർ വാങ്ങിയ ടിക്കറ്റിന് ജാക്ക്പോട്ട് അടിച്ചതായി അധികൃതർ സ്ഥിരീകരിച്ചത്. സമ്മാനത്തുക തുല്യമായി വീതിക്കുമ്പോൾ ഓരോരുത്തർക്കും 22.5 മില്യൺ കനേഡിയൻ ഡോളർ വീതം ലഭിക്കും.
“മേനിഫെസ്റ്റിംഗ് മില്യൺസ്” (കോടികൾ സ്വപ്നം കാണുന്നവർ) എന്ന് പേരിട്ടിരുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ഓൺലൈനായി വാങ്ങിയ ടിക്കറ്റിലാണ് ഭാഗ്യം തെളിഞ്ഞത്. ആദ്യമായി ഒരുമിച്ച് ടിക്കറ്റെടുത്തപ്പോൾ തന്നെ ഇത്രയും വലിയൊരു തുക അടിച്ചതിന്റെ അമ്പരപ്പിലാണ് ഇവർ.
രാവിലെ ഇമെയിൽ പരിശോധിച്ചപ്പോഴാണ് ലോട്ടോ മാക്സിൽ നിന്ന് സമ്മാനം ലഭിച്ച വിവരം എൽചിക്കോ അറിയുന്നത്. ഉടൻ തന്നെ അദ്ദേഹം ഗ്രൂപ്പ് ചാറ്റിൽ വിവരമറിയിച്ചു. എന്നാൽ കാര്യം വിശ്വസിക്കാൻ കഴിയാതിരുന്ന മറ്റു സുഹൃത്തുക്കൾ ഇത്ര രാവിലെ എന്താണ് എമർജൻസി എന്ന് കരുതി ആശയക്കുഴപ്പത്തിലായി. പിന്നീട് വീഡിയോ കോൾ വഴിയാണ് നാലുപേരും ചേർന്ന് ഈ വൻ സന്തോഷവാർത്ത ഔദ്യോഗികമായി പങ്കുവെച്ചത്.
ALSO READ: ഒന്റാരിയോ നിവാസികളെ അറിഞ്ഞോ? നവംബറിൽ വരാനിരിക്കുന്നത് 2 CRA പേയ്മെന്റുകൾ
ലഭിച്ച തുക ഉപയോഗിച്ച് വീട്ടുവായ്പകൾ തീർക്കാനും, ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും, ജീവിതം കുറച്ചുകൂടി സന്തോഷത്തോടെ ആസ്വദിച്ചു ജീവിക്കാനുമാണ് തങ്ങൾ പദ്ധതിയിടുന്നതെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കാൽഗറിയിലെ ഈ സുഹൃത്തുക്കളുടെ വിജയം ഇപ്പോൾ കാനഡയിലാകെ വലിയ തരംഗമായി മാറിയിരിക്കുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





