ബ്രിട്ടീഷ് കൊളംബിയ: ബിസി-യിൽ ബേണബി സ്‌കൂൾ ഡിസ്ട്രിക്ടിൽനിന്ന് മോഷ്ടിച്ച വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ പ്രസിദ്ധീകരിച്ചതായി റഷ്യൻ ബന്ധമുള്ള ഹാക്കർ സംഘം. സെപ്റ്റംബറിൽ നടന്ന സൈബർ ആക്രമണത്തിലൂടെ ചോർത്തിയ വിവരങ്ങളാണ് പുറത്തുവിട്ടതെന്നാണ് ഇവരുടെ അവകാശവാദം.
എന്നാൽ ചോർച്ചയുടെ യഥാർത്ഥ വ്യാപ്തി എത്രത്തോളമുണ്ടെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

’ക്വിലിൻ’ (Qilin) എന്ന റാൻസംവെയർ ഗ്രൂപ്പാണ് രേഖകൾ ഡാർക്ക് വെബിൽ ലഭ്യമാക്കിയതായി അവകാശപ്പെട്ട് രംഗത്തെത്തിയത്. പേറോൾ, പീഡന പരാതികളിലെ അന്വേഷണ റിപ്പോർട്ടുകൾ, അച്ചടക്ക നടപടികൾ, മാനസികാരോഗ്യ രേഖകൾ തുടങ്ങിയ വിഭാഗങ്ങളിലുള്ള ഫോൾഡറുകളുടെ സ്ക്രീൻഷോട്ടുകളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. ഏകദേശം ഒരു ടെറാബൈറ്റോളം (1 TB) വിവരങ്ങൾ ചോർന്നതായാണ് സ്ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നത്.
സെപ്റ്റംബർ 21-നാണ് സ്‌കൂൾ ഡിസ്ട്രിക്ടിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ ഹാക്കർമാർ കടന്നുകയറിയത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും മെഡിക്കൽ വിവരങ്ങൾ, പഠന വിലയിരുത്തലുകൾ, വ്യക്തിഗത വിവരങ്ങൾ എന്നിവ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്ന് അന്ന് സ്കൂൾ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഭൂരിഭാഗം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വിവരങ്ങൾ സുരക്ഷിതമാണെന്നും, വളരെ പരിമിതമായ രേഖകൾ മാത്രമാണ് ആക്രമണത്തിന് ഇരയായതെന്നും ഇവർ പിന്നീട് വ്യക്തമാക്കി.
ALSO READ: സൈബർ സുരക്ഷാ ഭീഷണി; ന്യൂഫൗണ്ട്‌ലാൻഡിൽ സർക്കാർ വെബ്‌സൈറ്റുകൾ പൂട്ടി
ഡാർക്ക് വെബിൽ പ്രചരിക്കുന്ന വിവരങ്ങളുടെ ആധികാരികതയും ചോർച്ചയുടെ കൃത്യമായ വ്യാപ്തിയും ഉറപ്പുവരുത്താൻ സ്വതന്ത്ര സൈബർ സുരക്ഷാ വിദഗ്ധരുടെ സഹായം തേടിയതായി ബേണബി സ്‌കൂൾ ഡിസ്ട്രിക്ട് അറിയിച്ചു. സ്ഥിരീകരിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ജീവനക്കാരെയും കുടുംബങ്ങളെയും നേരിട്ട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളിൽ ജീവനക്കാരുടെ ശമ്പളവിവരങ്ങൾ, ആരോഗ്യ രേഖകൾ, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവയാണ് ഹാക്കർമാർ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധൻ ചെസ്റ്റർ വിസ്നിവ്‌സ്കി പറഞ്ഞു. വിവരങ്ങൾ പുറത്തുവന്നത് ആശങ്കയുണർത്തുന്നതാണെങ്കിലും കുട്ടികളെ ഇത് നേരിട്ട് ദോഷകരമായി ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും ഇത്തരം സംഭവങ്ങൾ ഗൗരവമായി കണ്ട് ഡിജിറ്റൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Burnaby School District Hit by Cyberattack’




