നോവ സ്കോഷ്യ; പോട്ട്ലോടെകിൽ തോക്കുമായി അപ്പാർട്ട്മെന്റിൽ നിലയുറപ്പിച്ച മുപ്പത്താറുകാരനെ നാല് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. നോവ സ്കോഷ്യ യിലെ ന്യൂ സബ്ഡിവിഷൻ റോഡിലാണ് സംഭവം. തിങ്കളാഴ്ച വൈകിട്ട് 4:45-ഓടെയാണ് അപ്പാർട്ട്മെന്റിനുള്ളിൽ ആയുധവുമായി ഒരാളുണ്ടെന്ന് റിച്ച്മണ്ട് കൗണ്ടി പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് അപകടം ഒഴിവാക്കാൻ സമീപവാസികളെ മുഴുവൻ പോലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. എവറി ഡൗസെറ്റ് എന്ന ഇയാൾ മാത്രമാണ് കെട്ടിടത്തിനകത്തുണ്ടായിരുന്നതെന്ന് പോലീസ് ഉറപ്പുവരുത്തി.
കൈയിലുള്ള തോക്ക് ലോഡ് ചെയ്ത നിലയിലാണെന്നും കീഴടങ്ങാൻ തയ്യാറല്ലെന്നും പുറത്തുനിന്നുള്ള നിരീക്ഷണത്തിൽ പോലീസിന് വ്യക്തമായി. മുൻപ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ ഇയാൾക്ക് തോക്കോ വെടിയുണ്ടകളോ കൈവശം വെക്കാൻ കോടതി വിലക്കുള്ളതാണ്. സ്ഥിതി ഗുരുതരമായതോടെ എമർജൻസി ടീമും ചർച്ചാ വിദഗ്ധരും പോലീസ് നായകളുമടങ്ങുന്ന വലിയൊരു സംഘം സ്ഥലത്തെത്തി കെട്ടിടം വളഞ്ഞു.
Also Read: തണ്ടർ ബേ ഇമിഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി
തുടർന്ന് രാത്രി 9:47-ഓടെ ഉദ്യോഗസ്ഥർ അകത്തുകടന്ന് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് ഒരു .308 റൈഫിളും വെടിയുണ്ടകളും പിടിച്ചെടുത്തു. ആയുധം അശ്രദ്ധമായി ഉപയോഗിച്ചതിനും പോലീസിന്റെയും കോടതിയുടെയും ഉത്തരവുകൾ ലംഘിച്ചതിനുമുൾപ്പെടെ എട്ട് കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതി ഇപ്പോൾ റിമാൻഡിലാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





