ഓട്ടവ: കാനഡയുടെ പുതുക്കിയ ഇമ്മിഗ്രേഷൻ ലെവൽസ് വരാനിരിക്കുന്ന ബജറ്റിൽ പ്രഖ്യാപിക്കാൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള സർക്കാർ വ്യാഴാഴ്ച ബജറ്റ് അവതരിപ്പിക്കുമ്പോൾ പുതിയ ലക്ഷ്യങ്ങൾ വ്യക്തമാക്കും. രാജ്യത്തെ ജനസംഖ്യാ വളർച്ചയിൽ അടുത്ത കാലത്തുണ്ടായ ഇടിവ് പരിഗണിച്ചാണ് ഈ നയമാറ്റം നടപ്പിലാക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി കാനഡയിലെ ജനസംഖ്യാ വളർച്ചയിൽ വലിയ തോതിലുള്ള കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേതുടർന്ന് കുടിയേറ്റ നിരക്ക് നിയന്ത്രിക്കാൻ സർക്കാർ മുൻപ് നിർബന്ധിതരായിരുന്നു. നിയന്ത്രണങ്ങൾ പൂർണ്ണമായ ശേഷം ജനസംഖ്യയിൽ വർദ്ധനവ് വരുത്തുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്നാൽ സ്ഥിരമായ കുടിയേറ്റ നിലവാരം ഉറപ്പാക്കുന്നതിൽ ഒട്ടും പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കൈക്കൊണ്ട തീരുമാനപ്രകാരം 2026 മുതൽ 2028 വരെയുള്ള കാലയളവിൽ സ്ഥിരതാമസക്കാരുടെ എണ്ണം പ്രതിവർഷം 3.8 ലക്ഷമായി സർക്കാർ പരിമിതപ്പെടുത്തിയിരുന്നു. താൽക്കാലിക താമസക്കാരുടെ എണ്ണത്തിലും ഘട്ടങ്ങളായി കുറവ് വരുത്തുവാൻ മുൻപ് ലക്ഷ്യമിട്ടിരുന്നു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്തുണ്ടായ ഉയർന്ന കുടിയേറ്റം ഭവന മേഖലയിലും സാമൂഹിക സേവനങ്ങളിലും വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതേത്തുടർന്നാണ് രാജ്യത്ത് കർശനമായ കുടിയേറ്റ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.
ജനസംഖ്യാ വളർച്ച മന്ദഗതിയിലായത് കാനഡയുടെ സാമ്പത്തിക രംഗത്തെയും തൊഴിൽ മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ച നിരക്കാണ് കാനഡയിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. തൊഴിൽ ശക്തി നിലനിർത്തുന്നതിന് രാജ്യത്തേക്ക് കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്ന് ഇമിഗ്രേഷൻ മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് തൊഴിൽ മേഖലയ്ക്ക് അനുയോജ്യമായ മാറ്റങ്ങൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്.
സാമ്പത്തിക വളർച്ച വേഗത്തിലാക്കുന്നതിനും കാര്യശേഷിയുള്ള വിദഗ്ദ്ധരെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുമായി എക്സ്പ്രസ് എൻട്രി പ്രോഗ്രാമിൽ പുതിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഉയർന്ന വേതനമുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് കൂടുതൽ പോയിന്റുകൾ നൽകുന്ന രീതിയാണ് നിലവിൽ വന്നിട്ടുള്ളത്. ഇതിലൂടെ രാജ്യത്തിന് ആവശ്യമുള്ള വിദഗ്ദ്ധ തൊഴിലാളികളെ വേഗത്തിൽ കണ്ടെത്താനാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. ഇതോടൊപ്പം കുടിയേറ്റ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
Also Read: തണ്ടർ ബേ ഇമിഗ്രേഷൻ ക്വാട്ട വെട്ടിച്ചുരുക്കി
അതേസമയം ഫെഡറൽ സർക്കാരിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെ കൺസർവേറ്റീവ് പാർട്ടി ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതൽ കുടിയേറ്റക്കാരെ കൊണ്ടുവരാനുള്ള ഏതൊരു നീക്കത്തെയും തടയുമെന്ന് അവർ മുന്നറിയിപ്പ് നൽകി. വരാനിരിക്കുന്ന ബജറ്റിൽ കുടിയേറ്റക്കാരുടെ എണ്ണം ഇപ്പോൾ ഉള്ളതിനേക്കാൾ വൻതോതിൽ കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വ്യാഴാഴ്ച ബജറ്റ് അവതരിപ്പിക്കുന്നതോടെ മാത്രമേ സർക്കാരിന്റെ അന്തിമ തീരുമാനം എന്താണെന്ന് വ്യക്തമാകൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





