ഓട്ടവാ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൂടുതൽ താരിഫുകൾ ചുമത്തിയത് കനേഡിയൻ ഗ്രാമമായ ടാമിസ്കാമിങ്ങിൽ വലിയ പ്രതിസന്ധിയുണ്ടാക്കി. ഓട്ടവാ നദിക്കരയിലെ പ്രധാന പേപ്പർ മിൽ അടച്ചുപൂട്ടിയതോടെ നഗരത്തിലെ 360 തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടു. ഒക്ടോബർ ആദ്യവാരത്തിലാണ് മില്ലിന്റെ അമേരിക്കൻ ഉടമകളായ ‘റയാം’ ഇത് അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടിയത്. മില്ലിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന പ്രദേശവാസികളുടെ ജീവിതം താറുമാറായിരിക്കുകയാണ്.
വീടുകളുടെയും വസ്തുക്കളുടെയും വില കുത്തനെ ഇടിഞ്ഞു. നഗരത്തിലെ ജനങ്ങൾ കൂട്ടത്തോടെ നാടുവിട്ടുപോകുമെന്നും ഇത് ഒരു ‘പ്രേതനഗരമായി’ മാറുമെന്നും നാട്ടുകാർ ഭയപ്പെടുന്നു. തടി, പേപ്പർ മേഖലകളിൽ യുഎസ് 50% വരെ താരിഫ് ചുമത്തിയതാണ് ഈ തകർച്ചയ്ക്ക് കാരണം.
Also Read: സ്ഥിരമായ ‘ഡേലൈറ്റ് സേവിംഗ് ടൈം’ വേണോ? കാനഡയിൽ സമയമാറ്റം വീണ്ടും ചർച്ചയിൽ
1973-ലും സമാനമായ പ്രതിസന്ധി ഉണ്ടായപ്പോൾ തൊഴിലാളികൾ ഒത്തുകൂടി മിൽ വിലയ്ക്കു വാങ്ങിയിരുന്നു. ഇത്തവണയും മിൽ തിരികെ വാങ്ങാൻ നാട്ടുകാർ കൂട്ടായ്മയൊരുക്കുന്നുണ്ടെങ്കിലും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും ക്യുബെക് സർക്കാരിന്റെയും സാമ്പത്തിക സഹായം ഇതിന് ആവശ്യമാണ്. എന്നാൽ പ്ലാന്റ് വിൽക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





