ഒന്റാരിയോ; കാനഡയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസമേകുന്ന പുതിയ നയപ്രഖ്യാപനവുമായി എമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC). തൊഴിലുടമയുടെ ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെന്റ് (LMIA) പ്രോസസ്സ് ചെയ്യുന്നത് വൈകിയാലും ഇനി വർക്ക് പെർമിറ്റ് അപേക്ഷകൾ തള്ളില്ലെന്ന് എമിഗ്രേഷൻ വകുപ്പ് വ്യക്തമാക്കുന്നു.
2026 ഒക്ടോബർ 28-ന് പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശങ്ങളിലാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ഈ മാറ്റം കൈമാറിയത്. LMIA അപേക്ഷയിൽ അന്തിമ തീരുമാനം വരുന്നത് വരെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് അപേക്ഷകളിൽ തീരുമാനമെടുക്കാതെ നിർത്തിവെക്കാൻ (Hold) ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നിലവിലുള്ള വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നതിന് രണ്ടാഴ്ചയോ അതിൽ കുറവോ സമയമുള്ളപ്പോൾ പുതിയ പെർമിറ്റിനായി അപേക്ഷിക്കുന്ന “കൺകറന്റ് പ്രോസസ്സിംഗ്” വഴി വരുന്ന തൊഴിലാളികളെയാണ് ഈ തീരുമാനം പ്രധാനമായും സഹായിക്കുക. പഴയ പെർമിറ്റ് കഴിയുന്നതിന് മുൻപ് തന്നെ അപേക്ഷ സമർപ്പിക്കുന്ന തൊഴിലാളികൾക്ക് “മെയ്ന്റൈൻഡ് സ്റ്റാറ്റസ്” ലഭിക്കും. ഇതുവഴി വർക്ക് പെർമിറ്റ് അപേക്ഷയിൽ തീരുമാനം ആകുന്നത് വരെ രാജ്യത്ത് നിയമപരമായി ജോലി തുടർന്നു പോകാനും സാധിക്കും.
നേരത്തെ LMIA അപേക്ഷകളിൽ തീരുമാനമാകാൻ പരമാവധി 90 ദിവസം വരെ മാത്രമാണ് കാത്തിരുന്നിരുന്നത്. അതിൽക്കൂടുതൽ വൈകിയാൽ വർക്ക് പെർമിറ്റ് നിരസിക്കപ്പെടുകയും തൊഴിലാളികൾ നിയമക്കുരുക്കിലാവുകയും ചെയ്യുമായിരുന്നു. അതിനാണ് ഇപ്പോൾ പൂർണ്ണ പരിഹാരമായിരിക്കുന്നത്.
അതേസമയം, പ്രവിശ്യാ ശരാശരി വേതനത്തേക്കാൾ കുറഞ്ഞ ശമ്പളം നൽകുന്ന തസ്തികകളിലേക്കുള്ള പുതിയ LMIA അപേക്ഷകൾക്ക് തൊഴില്ലായ്മ നിരക്ക് കൂടുതലുള്ള 30 പ്രധാന നഗരങ്ങളിൽ താൽക്കാലിക വിലക്ക് നിലവിലുണ്ട്. എങ്കിലും, കൃത്യസമയത്ത് അപേക്ഷിച്ച വിദേശ തൊഴിലാളികൾക്ക് വിസ റദ്ദാകുമെന്ന ഭയമില്ലാതെ ജോലി ചെയ്യാനുള്ള വലിയ അവസരമാണ് കാനഡ സർക്കാരിന്റെ പുതിയ നീക്കത്തിലൂടെ തുറന്നു കിട്ടിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





