ഓട്ടവ: പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കാന്‍ കൃത്യവും വിശ്വസനീയവുമായ പദ്ധതി സമര്‍പ്പിച്ചാല്‍ സ്റ്റെല്‍കോ ഉടമകളുമായി ചര്‍ച്ച നടത്താമെന്ന് വ്യവസായ മന്ത്രി മെലാനി ജോളി. പിരിച്ചുവിട്ട തൊഴിലാളികളെ ഉടന്‍ ജോലിയില്‍ തിരിച്ചെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

സ്റ്റെല്‍കോ പ്രസിഡന്റ് പോള്‍ സൈമണിന് വ്യാഴാഴ്ച അയച്ച കത്തിലാണ് ജോളി നിലപാട് വ്യക്തമാക്കിയത്. തൊഴിലാളികളെ തിരിച്ചെടുക്കാനുള്ള പദ്ധതി ലഭിച്ചാല്‍ മാത്രമേ കമ്പനിയുടെ ഉടമകളായ ക്ലീവ്ലാന്‍ഡ്-ക്ലിഫ്സുമായി ചര്‍ച്ച നടത്തൂവെന്നും അവര്‍ പറഞ്ഞു. ഇന്‍വെസ്റ്റ്മെന്റ് കാനഡ ആക്ട് പ്രകാരമുള്ള കമ്പനിയുടെ ബാധ്യതകള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യവും ചര്‍ച്ചയില്‍ ഉള്‍പ്പെടും.
ഹാമില്‍ട്ടണിലെ സ്റ്റെല്‍കോ പ്ലാന്റില്‍ ചില പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി കമ്പനി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തൊഴിലാളികളെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ക്ലീവ്ലാന്‍ഡ്-ക്ലിഫ്സ് മേധാവി ലോറെന്‍സോ ഗോണ്‍കാല്‍വസ് ജോളിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിരുന്നു.
തൊഴിലാളികളെ പിരിച്ചുവിട്ട തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടിവരുമെന്നും ജോളി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2024-ല്‍ സ്റ്റീല്കോയെ ഏറ്റെടുത്തപ്പോള്‍ 2029 വരെ യൂണിയന് അംഗങ്ങളായ ജീവനക്കാരുടെ എണ്ണം 2024-ലെ നിലവാരത്തില്‍ നിലനിര്‍ത്താമെന്ന് കമ്പനി സര്‍ക്കാരിന് ഉറപ്പുനല്‍കിയെന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ വാദം.
എന്നാല്‍, ഇന്‍വെസ്റ്റ്മെന്റ് കാനഡ ആക്ട് പ്രകാരം നല്കിയ എല്ലാ ബാധ്യതകളും പാലിക്കുന്നുണ്ടെന്ന് ഗോണ്‍കാല്‍വസ് അവകാശപ്പെടുന്നു. സ്റ്റെല്‍കോ ഏറ്റെടുത്തത് അമേരിക്കയിലെ സ്വന്തം ഉല്‍പ്പാദന കേന്ദ്രങ്ങളുമായി മത്സരം കുറയ്ക്കാനാണെന്ന് അദ്ദേഹം സിബിസിയോട് വെളിപ്പെടുത്തിയതിനു പിന്നാലെ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി ബന്ധപ്പെട്ടതായി ജോളി അറിയിച്ചിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
‘Stelco Workers Must Be Rehired Before Talks




