കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രി സംവിധാനത്തില്‍ നവംബര്‍ 3 മുതല്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍ പ്രകാരം, ഉയര്‍ന്ന വേതനമുള്ള ജോലികളിലെ പ്രവൃത്തിപരിചയത്തിന് പ്രാധാന്യം ലഭിക്കും. യോഗ്യമായ കനേഡിയന്‍ പ്രവൃത്തിപരിചയം വിവിധ NOC കോഡുകളിലായി പരമാവധി പത്ത് ജോലികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി രേഖപ്പെടുത്താന്‍ അപേക്ഷകര്‍ക്ക് കഴിയും. കാനഡയ്ക്ക് പുറത്തുനിന്ന് വിദ്യാഭ്യാസം നേടിയവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ പോയിന്റുകള്‍ നേടാന്‍ സാധാരണയായി സാധുവായ എജ്യുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ അസസ്മെന്റ് (ECA) ആവശ്യമാണ്.

ഭാര്യയോ ഭര്‍ത്താവോ കോമണ്‍-ലോ പങ്കാളിയോ ഒപ്പം അപേക്ഷിക്കുന്നവരുടെ CRS പോയിന്റുകള്‍ കണക്കാക്കുന്ന രീതി വ്യത്യസ്തമാണ്. പങ്കാളി കനേഡിയന്‍ പൗരനോ സ്ഥിരതാമസക്കാരനോ അല്ലെങ്കില്‍, പ്രധാന അപേക്ഷകന്റെ വിദ്യാഭ്യാസം, പ്രായം, ഭാഷാ പ്രാവീണ്യം തുടങ്ങിയ അടിസ്ഥാന യോഗ്യതകള്‍ക്കുള്ള പോയിന്റുകള്‍ വിവാഹിതരായ അപേക്ഷകര്‍ക്കുള്ള രീതിയില്‍ കണക്കാക്കും. കൂടാതെ പങ്കാളിയുടെ യോഗ്യതകള്‍ക്കായി പരമാവധി 40 അധിക പോയിന്റുകള്‍ ലഭിക്കാം.
പങ്കാളിയുടെ വിദ്യാഭ്യാസ യോഗ്യത, കാനഡയിലെ പ്രവൃത്തിപരിചയം, ഭാഷാ പ്രാവീണ്യം എന്നിവയാണ് ഈ പോയിന്റുകള്‍ നിര്‍ണയിക്കുന്നത്. പങ്കാളിക്ക് മികച്ച ഭാഷാ സ്‌കോറും കനേഡിയന്‍ പ്രവൃത്തിപരിചയവുമുണ്ടെങ്കില്‍ അപേക്ഷയുടെ മൊത്തം പോയിന്റ് ഉയര്‍ത്താന്‍ കഴിയും.
ഒരു പ്രവിശ്യയുടെയോ പ്രദേശത്തിന്റെയോ നാമനിര്‍ദേശം ലഭിച്ചാല്‍ CRS സ്‌കോറില്‍ 600 പോയിന്റുകള്‍ അധികമായി ലഭിക്കും. എക്‌സ്പ്രസ് എന്‍ട്രി സംവിധാനത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പോയിന്റ് വര്‍ധനയാണിത്. അപേക്ഷകര്‍ക്ക് തങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് ഒന്റാരിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം ഉള്‍പ്പെടെയുള്ള പ്രവിശ്യാ പദ്ധതികള്‍ പരിശോധിക്കാം.
യോഗ്യമായ ജോലി വാഗ്ദാനവും പ്രവൃത്തിപരിചയവുമുള്ള വിദേശ തൊഴിലാളികള്‍ക്കും ചില സ്വയംതൊഴില്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കും നാമനിര്‍ദേശത്തിന് വഴിയൊരുക്കുന്ന പുതിയ വര്‍ക്ക്‌ഫോഴ്സ് പ്രയോറിറ്റി സ്ട്രീം ഒന്റാരിയോ അവതരിപ്പിച്ചിട്ടുണ്ട്.
കാനഡയില്‍ യോഗ്യനായ സഹോദരനോ സഹോദരിയോ ഉള്ളവര്‍ക്ക് 15 പോയിന്റ് ലഭിക്കും. കാനഡയില്‍നിന്നുള്ള യോഗ്യമായ വിദ്യാഭ്യാസ യോഗ്യതയ്ക്ക് പഠനത്തിന്റെ ദൈര്‍ഘ്യമനുസരിച്ച് 15 അല്ലെങ്കില്‍ 30 പോയിന്റും ഫ്രഞ്ച് ഭാഷാ പ്രാവീണ്യത്തിന് 25 അല്ലെങ്കില്‍ 50 പോയിന്റും ലഭിക്കാം. എന്നാല്‍ അധിക പോയിന്റുകളുടെ ആകെ പരിധി 600 ആണ്. അതിനാല്‍ പ്രവിശ്യാ നാമനിര്‍ദേശം ലഭിക്കുന്നതിലൂടെ തന്നെ ഈ പരിധിയിലെത്താം.
നിലവില്‍ എക്‌സ്പ്രസ് എന്‍ട്രി പൂളിലുള്ളവരുടെ പ്രൊഫൈലുകള്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ സ്വയമേവ പുനര്‍മൂല്യനിര്‍ണയം നടത്തും. അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് പുതിയ CRS കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് പ്രതീക്ഷിക്കാവുന്ന പോയിന്റുകള്‍ കണക്കാക്കാനും സ്‌കോര്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനും കഴിയും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




