ഓട്ടവ; ഗൂഗിളിന്റെ മാതൃകമ്പനിയായ വെയ്മോ ഡ്രൈവർരഹിത ടാക്സികൾ കാനഡയിൽ ഇറക്കാൻ ഒരുങ്ങുന്നു. 2028-ൽ പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി ടൊറന്റോ നഗരത്തിൽ ഉടൻ തന്നെ പരീക്ഷണ ഓട്ടം നടത്താനാണ് കമ്പനിയുടെ തീരുമാനം. എന്നാൽ ഈ നീക്കം കാനഡയിലെ ടാക്സി, റൈഡ്-ഹെയ്ലിംഗ് ഡ്രൈവർമാർക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിരിക്കുകയാണ്.
നിലവിൽ യൂബർ, ലിഫ്റ്റ് തുടങ്ങിയ ആപ്പുകൾ വഴി ടൊറന്റോയിൽ എൺപതിനായിരത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. പുതിയ ഡ്രൈവർരഹിത വാഹനങ്ങൾ വരുന്നതോടെ തങ്ങളുടെ ഉപജീവനമാർഗ്ഗം പൂർണ്ണമായി നഷ്ടപ്പെടുമെന്ന് ഇവർ ഭയപ്പെടുന്നു. റോഡിലിറങ്ങുന്ന ഓരോ ഡ്രൈവർരഹിത കാറും ഒന്നുമുതൽ മൂന്നുവരെ തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുമെന്നാണ് ഡ്രൈവർ സംഘടന വിലയിരുത്തുന്നത്.
അതേസമയം, പദ്ധതിക്ക് അനുമതി ലഭിച്ചാൽ വെയർഹൗസ്, കസ്റ്റമർ കെയർ മേഖലകളിൽ പ്രാദേശികമായി നൂറുകണക്കിന് തൊഴിലവസരങ്ങൾ നൽകുമെന്നാണ് വെയ്മോ പറയുന്നത്. ഈ തസ്തികകളിൽ നിലവിലുള്ള ഡ്രൈവർമാർക്ക് മുൻഗണന നൽകുമെന്നും കമ്പനി വ്യക്തമാക്കുന്നു. എന്നാൽ, മുൻപും കമ്പനികൾ നൽകിയ ഇത്തരം വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് തൊഴിലാളികളുടെ അനുഭവം.
നേരത്തെ അമേരിക്കയിലെ അറ്റ്ലാന്റയിൽ വെയ്മോ വന്നതോടെ തങ്ങളുടെ ഓട്ടത്തിലും വരുമാനത്തിലും 30 ശതമാനം വരെ കുറവുണ്ടായതായി ഡ്രൈവർമാർ ചൂണ്ടിക്കാണിക്കുന്നു. ഒന്റാറിയോ സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും പ്രാദേശിക തൊഴിലാളികൾക്ക് ജോലി ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ വെയ്മോയ്ക്ക് ടൊറന്റോയിൽ ഓടാൻ അനുമതി നൽകൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ജോലി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആധിയിലാണ് അവിടുത്തെ സാധാരണക്കാരായ ടാക്സി ഡ്രൈവർമാർ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





