ഓട്ടവ: വടക്കൻ ബ്രിട്ടീഷ് കൊളംബിയ തീരത്തെ എണ്ണ ടാങ്കർ നിരോധനം നീക്കണമെന്ന നിർദ്ദേശം കാനഡ പാർലമെന്റ് തള്ളി. പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി കൊണ്ടുവന്ന ബില്ലിനെതിരെ ലിബറൽ സർക്കാർ വോട്ട് ചെയ്തതോടെയാണ് നിർദ്ദേശം പരാജയപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്.
പ്രതിദിനം 2.5 ലക്ഷം ബാരൽ കനേഡിയൻ എണ്ണ റെയിൽവേ വഴി ബി.സി. തീരത്തെ പ്രിൻസ് റൂപർട്ടിലെത്തിച്ച് കയറ്റുമതി ചെയ്യാനുള്ള ‘സ്ട്രാത്ത്കോണ റിസോഴ്സസ്’ കമ്പനിയുടെ പദ്ധതിയ ചൂണ്ടിക്കാട്ടിയാണ് കൺസർവേറ്റീവ് പാർട്ടി നിയമ നിർമ്മാണം ആവശ്യപ്പെട്ടത്. ഈ സ്വകാര്യ പദ്ധതിയിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും രാജ്യത്തിന്റെ വരുമാനം കൂടുമെന്നുമായിരുന്നു അവരുടെ വാദം.
എന്നാൽ ബി.സി. സർക്കാരുമായുള്ള മുൻ കരാർ പ്രകാരം പ്രധാനമന്ത്രി മാർക്ക് കാർണി നിരോധനത്തെ പിന്തുണച്ചു. വടക്കൻ തീരത്തെ പരിസ്ഥിതി സംരക്ഷണം കണക്കിലെടുത്താണ് നിലവിലെ ‘ഓയിൽ ടാങ്കർ മൊറട്ടോറിയം ആക്ട്’ പ്രകാരം 12,500 മെട്രിക് ടണ്ണിൽ കൂടുതൽ എണ്ണയുമായി വരുന്ന കപ്പലുകൾക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. നിരോധനം നിലനിൽക്കുന്നതിനാൽ പുതിയ എണ്ണ പൈപ്പ് ലൈൻ വടക്കൻ തീരത്തിന് പകരം തെക്കൻ മേഖലയിലൂടെ നിർമ്മിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.
അതേസമയം, നിരോധനം മാറ്റുന്നത് കനേഡിയൻ എണ്ണയ്ക്ക് ആഗോളവിപണിയിൽ നല്ല വില കിട്ടാൻ സഹായിക്കുമെന്നും, സാമ്പത്തിക വളർച്ചയ്ക്ക് ഫെഡറൽ നയങ്ങൾ തടസ്സമാകരുതെന്നും പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് അഭിപ്രായപ്പെട്ടു. എന്നാൽ പരിസ്ഥിതി സുരക്ഷ മുന്നിൽനിർത്തി ടാങ്കർ നിരോധനവുമായി മുന്നോട്ട് പോകാനാണ് ലിബറൽ സർക്കാരിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





