ഓട്ടവ: കാനഡയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സുപ്രധാന തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ വിശദാംശങ്ങൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക കാനഡ സന്ദർശന വേളയിലാണ് ഈ സുപ്രധാന നീക്കം. പാർലമെന്റ് ഹില്ലിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി കിരീടാവകാശിയെ ഔദ്യോഗികമായി സ്വീകരിക്കുകയും, തുടർന്ന് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിൽ ഇരുനേതാക്കളും സംബന്ധിക്കുകയും ചെയ്യും.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ–സാമ്പത്തിക ബന്ധങ്ങളിൽ നിർണായക വഴിത്തിരിവാണ് ഈ സന്ദർശനം അടയാളപ്പെടുത്തുന്നത്. ഈ വർഷമാദ്യം വെറും 47 ദിവസങ്ങൾക്കുള്ളിലാണ് കാനഡയും യുഎഇയും ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയത്. അന്താരാഷ്ട്ര തലത്തിൽത്തന്നെ ഒരു റെക്കോർഡ് നേട്ടമായാണ് ഇരുരാജ്യങ്ങളും ഈ കരാർ രൂപീകരണത്തെ വിലയിരുത്തുന്നത്. വ്യാപാര സഹകരണം വേഗത്തിലാക്കാനുള്ള ഇരുപക്ഷത്തിന്റെയും രാഷ്ട്രീയ ഇച്ഛാശക്തിയാണ് ചുരുങ്ങിയ സമയത്തിനുള്ളിലെ കരാർ സാക്ഷാത്കാരത്തിന് വഴിയൊരുക്കിയത്.
സന്ദർശനത്തിന്റെ ഭാഗമായി ഒട്ടാവ ഡൗൺടൗണിൽ അബുദാബി കിരീടാവകാശിക്കായി പ്രധാനമന്ത്രി മാർക്ക് കാർണി ഔദ്യോഗിക വിരുന്ന് സൽക്കാരം ഒരുക്കിയിരുന്നു. “ഭാവിയിലേക്ക് കരുത്തുറ്റ അടിത്തറയൊരുക്കാനുള്ള” ഇരുരാജ്യങ്ങളുടെയും പൊതുവായ നിശ്ചയദാർഢ്യമാണ് കാനഡയെയും യുഎഇയെയും പരസ്പരം ബന്ധിപ്പിക്കുന്നതെന്ന് ചടങ്ങിൽ സംസാരിക്കവെ കാർണി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറിൽ കനേഡിയൻ പ്രധാനമന്ത്രി യുഎഇ സന്ദർശിച്ചപ്പോൾ കാനഡയിൽ ഏകദേശം 70 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് യുഎഇ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ തന്ത്രപ്രധാന സഹകരണ പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നത്.
ഊർജം, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം എന്നീ മേഖലകളിൽ വൻ സാമ്പത്തിക മുന്നേറ്റം ലക്ഷ്യമിടുന്നതാണ് പുതിയ തന്ത്രപ്രധാന കരാറുകൾ. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയും വടക്കേ അമേരിക്കൻ വിപണിയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്നത് വിപണിയിലെ തടസ്സങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. അതോടൊപ്പം, ഈ പങ്കാളിത്തം മുൻഗണന നൽകുന്ന നിക്ഷേപ മേഖലകളെയും സുരക്ഷാ മുൻകരുതലുകളെയും സംബന്ധിച്ച വിശകലനങ്ങളും വിശദാംശങ്ങളും ഇന്ന് നടക്കുന്ന പ്രഖ്യാപനത്തിലൂടെ വ്യക്തമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





