ഓട്ടവ: കാനഡ പോലീസിന് കുറ്റകൃത്യങ്ങളെക്കുറിച്ച് രഹസ്യവിവരം നൽകുന്ന ‘ക്രൈം സ്റ്റോപ്പേഴ്സ്’ സംഘടനയിൽ നിന്ന് കഴിഞ്ഞ 25 വർഷത്തെ 15 ലക്ഷത്തോളം ഫോൺ സന്ദേശങ്ങളും വിവരങ്ങളും ചോർന്നു. രാജ്യത്തെ ഞെട്ടിച്ച ഈ വൻ സുരക്ഷാവീഴ്ച മാർച്ച് മാസത്തിലാണ് നടന്നതെന്ന് സി.ബി.സി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഡാറ്റ സൂക്ഷിക്കാൻ ക്രൈം സ്റ്റോപ്പേഴ്സ് ചുമതലപ്പെടുത്തിയ ‘നാവിഗേറ്റ് 360’ എന്ന യു.എസ് കമ്പനിയുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ കടന്നുകയറിയാണ് ഹാക്കർമാർ വിവരങ്ങൾ കവർന്നത്.
ചോർന്ന ഡാറ്റയിൽ എട്ടര ലക്ഷത്തിലധികം ആളുകളുടെ പേരും വിലാസവും അടക്കമുള്ള സ്വകാര്യ വിവരങ്ങളുണ്ട്. വിവരങ്ങൾ നൽകിയ നാട്ടുകാർ, ഇരയായവർ, കുറ്റാരോപിതർ എന്നിവരുടെ വിവരങ്ങളാണ് ഇതിലുള്ളത്. രഹസ്യവിവരങ്ങൾ നൽകുമ്പോൾ പേരുകൾ മറച്ചുവെക്കാനോ സുരക്ഷിതമായി സൂക്ഷിക്കാനോ ഉള്ള മുൻകരുതലുകൾ സംഘടന എടുത്തിരുന്നില്ല.
എന്നാൽ, നിയമത്തിലെ പോരായ്മ കാരണം ക്രൈം സ്റ്റോപ്പേഴ്സിനെതിരെ നടപടിയെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിക്കുന്നില്ല. കച്ചവട ആവശ്യങ്ങൾക്ക് വിവരങ്ങൾ ശേഖരിക്കുന്ന സ്ഥാപനങ്ങളെ മാത്രമേ നിലവിലെ കാനേഡിയൻ സ്വകാര്യതാ നിയമ പ്രകാരം അന്വേഷിക്കാൻ കഴിയൂ. ക്രൈം സ്റ്റോപ്പേഴ്സ് ലാഭ നോക്കാതെ പ്രവർത്തിക്കുന്ന സംഘടനയായതിനാൽ നിയമനടപടികളിൽ നിന്ന് ഒഴിവാകുകയാണ്.
വിവരങ്ങൾ ചോർന്ന കാര്യം സർക്കാരിനെയോ പ്രൈവസി കമ്മീഷനെയോ അറിയിക്കരുതെന്ന് ക്രൈം സ്റ്റോപ്പേഴ്സ് നേതൃത്വം പ്രാദേശിക ഓഫീസുകൾക്ക് രഹസ്യ നിർദ്ദേശം നൽകിയതും വലിയ വിവാദമായിട്ടുണ്ട്. വിവരം രഹസ്യമായി വെക്കുമെന്ന ഉറപ്പ് ലംഘിച്ചതിനാൽ, ഇതിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരെ വ്യക്തിപരമായി കേസ് വരാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





