വാഷിങ്ങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ താമസവീടുകൾക്കുള്ള പ്രോപ്പർട്ടി ടാക്സ് പൂർണമായും ഒഴിവാക്കാൻ ഭരണകൂടം തയാറെടുക്കുന്നു. എന്നാൽ ഇതിലൂടെയുണ്ടാകുന്ന വരുമാനനഷ്ടം നികത്താൻ വിദേശികളായ, പ്രത്യേകിച്ച് കനേഡിയൻ ഉടമകളിൽ നിന്ന് ഉയർന്ന നിരക്കിൽ നികുതി ഈടാക്കാനാണ് ഗവർണർ റോൺ ഡിസാന്റിസിന്റെ നീക്കം. അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് ഈ തീരുമാനത്തിന്മേൽ അന്തിമ ഭരണഘടനാ ഭേദഗതി പ്രാബല്യത്തിൽ വരിക.
പോലീസ്, അഗ്നിശമന സേന തുടങ്ങി പ്രാദേശിക ഭരണകൂടത്തിന്റെ അത്യാവശ്യ പൊതുസേവനങ്ങളെല്ലാം നിലവിൽ പ്രോപ്പർട്ടി ടാക്സ് ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. പുതിയ ഭേദഗതി നടപ്പിലായാൽ പ്രാദേശിക സർക്കാരുകൾക്ക് പ്രതിവർഷം ഏകദേശം 1200 കോടി ഡോളറിന്റെ വരുമാനനഷ്ടം സംഭവിക്കും. സ്വന്തം വീടിന് നികുതി നൽകുന്നത് ശരിയല്ലെന്ന വാദമാണ് ഗവർണർ മുൻപോട്ടുവെക്കുന്നത്.
ഉണ്ടാകുന്ന സാമ്പത്തികനഷ്ടം നികത്താൻ ഫ്ലോറിഡയിലുള്ള കനേഡിയൻ സ്വത്ത് ഉടമകളെ ഉപയോഗപ്പെടുത്താനാണ് സർക്കാരിന്റെ പദ്ധതി. വിദേശ ഉടമസ്ഥതയിലുള്ള വീടുകൾ, വാടക കെട്ടിടങ്ങൾ എന്നിവയുടെ നികുതി വിപണിമൂല്യം പ്രതിവർഷം അഞ്ച് ശതമാനം വരെ വർധിപ്പിക്കാൻ ഈ ഭേദഗതി അനുമതി നൽകുന്നു. ഫ്ലോറിഡക്കാരുടെ നികുതിഭാരം കുറയ്ക്കാൻ വിദേശികളുടെ മേൽ ബാധ്യത ചുമത്തുന്നതാണ് ഈ നയം.
പുതിയ നികുതി ഭീഷണിയും രാഷ്ട്രീയ അന്തരീക്ഷവും കാരണം കനേഡിയൻ നിക്ഷേപകർ വ്യാപകമായി ഫ്ലോറിഡയിലെ വീടുകൾ വിറ്റഴിച്ച് മടങ്ങാൻ തുടങ്ങിയിട്ടുണ്ട്. കാനഡയിൽ നിന്നുള്ള ശൈത്യകാല സന്ദർശകരുടെ എണ്ണത്തിൽ ഇതിനകം 20 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും പ്രാദേശിക കച്ചവടത്തിനും കനത്ത തിരിച്ചടിയാകുന്നുണ്ട്.
Also Read: ആഗോള വിപണിയിൽ ഇന്ധനവില താഴേക്ക്? വരാൻ പോകുന്നത് വിലക്കുറവിന്റെ നാളുകളോ
വരാനിരിക്കുന്ന വോട്ടെടുപ്പിൽ ഈ നിർദേശത്തിന് ജനങ്ങളുടെ അംഗീകാരം ലഭിക്കുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഭേദഗതി പാസായാൽ അത് ഫ്ലോറിഡയിലെ സാധാരണക്കാർക്ക് ആശ്വാസമാകുമെങ്കിലും, അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള നിക്ഷേപങ്ങളെയും ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയേറെയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





