കോക്കോ ബീച്ച്: കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോഷ്വ കെട്രിക് വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര തിരിക്കും. നാസയും സ്പേസ് എക്സും ചേര്‍ന്ന് നടത്തുന്ന ക്രൂ-13 ദൗത്യത്തിന്റെ ഭാഗമായാണ് 44-കാരനായ കെട്രിക് ആറ് മാസത്തെ ബഹിരാകാശ ദൗത്യത്തിന് പുറപ്പെടുന്നത്.

ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് നാല് അംഗ ക്രൂ അടങ്ങുന്ന ദൗത്യം വിക്ഷേപിക്കുക. നാസയുടെ ജെസിക്ക വാട്കിന്‍സ്, ലൂക്ക് ഡെലാനി, റോസ്കോസ്മോസിന്റെ സെര്‍ഗെയ് ടെറ്റെറിയാറ്റ്നിക്കോവ് എന്നിവരാണ് കെട്രിക്കിനൊപ്പമുള്ളത്. അന്താരാഷ്ട്ര സംഘത്തിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കനേഡിയന്‍ എന്ന നിലയില്‍ ദൗത്യത്തില്‍ പങ്കെടുക്കുന്നതില്‍ പ്രത്യേക അഭിമാനമുണ്ടെന്നും കെട്രിക് പറഞ്ഞു.
കാനഡയുടെ ബഹിരാകാശ ഗവേഷണത്തിന് ഏറെ ശ്രദ്ധേയമായ വര്‍ഷമാണ് 2026 എന്ന് കനേഡിയന്‍ സ്പേസ് ഏജന്‍സി ഉദ്യോഗസ്ഥന് മാത്യു കാരോണ്‍ പറഞ്ഞു. ഏപ്രിലില്‍ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജെറമി ഹാന്സന് ആര്‍ട്ടെമിസ്-2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രനെ ചുറ്റിയിരുന്നു. 50 വര്ഷത്തിലേറെക്കാലത്തിന് ശേഷമുള്ള മനുഷ്യരുടെ ആദ്യ ചാന്ദ്രയാത്രയായിരുന്നു അത്.
ALSO READ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കനേഡിയന്‍ ബഹിരാകാശ സഞ്ചാരി; നാസ ദൗത്യത്തിന് ജോഷ്വ കെട്രിക്
ഹാന്‍സന്റെ ആര്‍ട്ടെമിസ് ദൗത്യത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും കെട്രിക്കിന്റെ ദൗത്യം. ചന്ദ്രദൗത്യം കുറഞ്ഞ സമയത്തിനുള്ളില്‍ ദീര്‍ഘദൂരം സഞ്ചരിച്ചിരുന്നെങ്കില്‍, കെട്രിക് മാസങ്ങളോളം ബഹിരാകാശ നിലയത്തില്‍ താമസിച്ച് പ്രവര്‍ത്തിക്കും. നിലയത്തിന്റെ പരിപാലനത്തിനൊപ്പം നിരവധി ശാസ്ത്രീയ പരീക്ഷണങ്ങളിലും കുത്രിക് പങ്കെടുക്കും.
2000 മുതല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഇത്തരം ദൗത്യങ്ങളെന്ന് കാരോണ്‍ പറഞ്ഞു. കാനഡയുടെ കാനഡാര്ം, ഡെക്സ്ട്രെ റോബോട്ടിക് സംവിധാനങ്ങളും ബഹിരാകാശ നിലയത്തിന്റെ നിര്‍മാണത്തിലും പരിപാലനത്തിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ദീര്‍ഘകാല ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്ന ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരിയായിരുന്ന ബോബ് തിര്സ്ക്, ദൗത്യത്തിനിടയിലെ ഓരോ നിമിഷവും ആസ്വദിക്കാന്‍ കെട്രിക്കിനോട് പറഞ്ഞു. മാസങ്ങളോളം ബഹിരാകാശത്ത് കഴിയുന്നത് ഭൂമിയെയും മനുഷ്യരാശിയെയും വ്യത്യസ്തമായ കാഴ്ചപ്പാടില്‍ കാണാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq
‘Joshua Kutryk Heads to Space on Crew-13 Mission’




