ഒൻ്റാരിയോ: കോവിഡ് വാക്സിൻ എടുക്കാത്തതിന് സൈന്യത്തിൽ നിന്ന് പുറത്താക്കിയ മുൻ സൈനീകൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഒൻ്റാരിയോയിലെ ക്വിന്റേ വെസ്റ്റ് സ്വദേശിയായ ഷാരോൺ വാർഡ് (29) ആണ് മരിച്ചത്. കാനഡയിലെ ബെല്ലെവില്ലെയിലുള്ള ‘സൺസ് ഓഫ് ജേക്കബ്’ സിനഗോഗിന് മുന്നിലാണ് ഈ സംഭവം . ജൂതന്മാരുടെ വിശുദ്ധ ദിനമായ യോം കിപ്പൂർ പ്രാർത്ഥനകൾ നടക്കുന്നതിനിടെയായിരുന്നു വെടിവെയ്പ്പുണ്ടായത്.
ഞായറാഴ്ച രാത്രി കയ്യിൽ തോക്കുമായി സിനഗോഗിന് മുന്നിലെത്തിയ ഷാരോണും അവിടെ കാവലുണ്ടായിരുന്ന പൊലീസുകാരും തമ്മിൽ വെടിവെപ്പുണ്ടാവുകയായിരുന്നു. പരിക്കേറ്റ ഷാരോൺ തിങ്കളാഴ്ച രാത്രിയോടെ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ഈ വെടിവെപ്പിൽ ജെഫ് സ്മിത്ത് എന്ന പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
2017-ലാണ് ഷാരോൺ കനേഡിയൻ ആർമിയിൽ ചേരുന്നത്. എന്നാൽ മതപരമായ കാരണങ്ങൾ പറഞ്ഞ് വാക്സിൻ എടുക്കാൻ തയാറാകാതിരുന്നതോടെ 2022-ൽ ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കി. തുടർന്ന്, തന്നെ പുറത്താക്കിയത്തിനാൽ വലിയ സാമ്പത്തിക നഷ്ടവും മാനസിക ബുദ്ധിമുട്ടും ഉണ്ടായെന്ന് ആരോപിച്ച് ഷാരോൺ സർക്കാരിനെതിരെ 10 ലക്ഷം ഡോളറിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുകയായിരുന്നു.
എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വാക്സിനേഷൻ നിർബന്ധമായിരുന്നു എന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. നേരത്തെ സൈന്യത്തിൽ ഉള്ളപ്പോഴും ഇയാൾ ചില വ്യാജ പ്രചാരണങ്ങൾ നടത്തിയതായി കാനഡയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എങ്കിലും ഈ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിന് പിന്നാലെ കാനഡയിലെ ജൂത സ്ഥാപനങ്ങൾക്ക് സുരക്ഷ കൂട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









