സസ്കാച്വാൻ: സസ്കാച്വാനിൽ വീഴ്ചയിൽ പരിക്കേറ്റ യുവതി കൃത്യസമയത്ത് ശസ്ത്രക്രിയയും ചികിത്സയും ലഭിക്കാതെ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. 30-കാരിയായ കിർസ്റ്റൺ ഹാൻകെയാണ് ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ചത്.
ഓഗസ്റ്റ് 12-ന് വീടിന് മുന്നിൽ വെച്ച് കാൽ വഴുതി വീണ കിർസ്റ്റൺ ഹാൻകെയുടെ വലതുകാലിൽ മൂന്നിടത്ത് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ റോയൽ യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്ന് ദിവസത്തിന് ശേഷം ശസ്ത്രക്രിയ നിശ്ചയിച്ച് ഇവരെ വീട്ടിലേക്ക് അയക്കുകയാണുണ്ടായത്. എന്നാൽ ശസ്ത്രക്രിയയ്ക്കായി വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ ഇവരുടെ വിവരങ്ങളോ അപ്പോയിന്റ്മെന്റോ റെക്കോർഡുകളിൽ ഇല്ലായിരുന്നു. തുടർന്ന് ശസ്ത്രക്രിയ മാറ്റിവെച്ച് അധികൃതർ ഇവരെ വീണ്ടും വീട്ടിലേക്ക് മടക്കിയയച്ചു.
പുതിയ ശസ്ത്രക്രിയാ തീയതിക്കായി കാത്തിരിക്കുന്നതിനിടെ, ഓഗസ്റ്റ് 19-ന് വീട്ടിൽ വെച്ച് ഹാൻകെ പെട്ടെന്ന് കുഴഞ്ഞുവീണു. കാലിലെ പരിക്കിനെ തുടർന്ന് കട്ടപിടിച്ച രക്തം ശ്വാസകോശത്തിലേക്ക് പടർന്നതാണ് മരണകാരണമെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. ഓഗസ്റ്റ് 20-ന് പുലർച്ചെ ജീവൻരക്ഷാ ഉപകരണങ്ങൾ മാറ്റുകയായിരുന്നു.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
സംഭവത്തെ ‘ക്രിട്ടിക്കൽ ഇൻസിഡന്റ്’ ആയി പ്രഖ്യാപിച്ച് സസ്‌കാച്വാൻ ഹെൽത്ത് അതോറിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ അനാസ്ഥയ്‌ക്കെതിരെ പൂർണ്ണമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് കാര്ല ബെക്ക് ആവശ്യപ്പെട്ടു. 2024-25 സാമ്പത്തിക വർഷത്തിൽ സസ്‌കാച്വനിൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നതിനിടെ 333 പേർ മരണപ്പെട്ടിട്ടുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









