ഓട്ടവ: കാനഡയിലെ പുതിയ പൗരത്വ ഭേദഗതി നിയമമായ ബിൽ C-3 പ്രാബല്യത്തിൽ വന്നതോടെ, വിദേശത്ത് ജനിച്ച നിരവധി ആളുകൾക്ക് കനേഡിയൻ പൗരത്വത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. എന്നാൽ, ഭാവിയിൽ വരുന്ന ഒരു സർക്കാരിന് ഈ നിയമം തിരുത്താനോ റദ്ദാക്കാനോ കഴിയുമോ എന്നും, അങ്ങനെ സംഭവിച്ചാൽ ഇപ്പോൾ ലഭിച്ച പൗരത്വം നഷ്ടപ്പെടുമോ എന്നും പല അപേക്ഷകരിലും ആശങ്കയുണ്ട്.
കാനഡയ്ക്ക് പുറത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം നിഷേധിച്ചിരുന്ന ഫസ്റ്റ് ജനറേഷൻ ലിമിറ്റ് ഒഴിവാക്കാനാണ് 2025 ഡിസംബർ 15-ന് ബിൽ C-3 നടപ്പിലാക്കിയത്. 2025 ഡിസംബർ 15-ന് മുമ്പ് ജനിച്ചവർക്ക് പരമ്പരാഗതമായി കനേഡിയൻ വംശപരമ്പര തെളിയിക്കാൻ സാധിച്ചാൽ പൗരത്വം ലഭിക്കും. എന്നാൽ ഈ തീയതിക്ക് ശേഷം ജനിക്കുന്ന കുട്ടികളുടെ കനേഡിയൻ മാതാപിതാക്കൾക്ക് കാനഡയിൽ കുറഞ്ഞത് 1,095 ദിവസം കാനഡയിൽ താമസിച്ചെങ്കിൽ മാത്രമേ പൗരത്വം കൈമാറാൻ കഴിയൂ.
ഭാവിയിൽ ഈ നിയമം മാറ്റിയാൽ പൗരത്വം റദ്ദാകുമോ എന്ന ചോദ്യത്തിന് പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകർ നൽകുന്ന ഉത്തരം ഇതാണ്. നിയമപരമായി പാർലമെന്റിന് ഭാവിയിൽ പുതിയ നിയമങ്ങൾ കൊണ്ടുവരാൻ സാധിക്കുമെങ്കിലും, ഇതിനകം ലഭിച്ച പൗരത്വം പെട്ടെന്ന് റദ്ദാക്കാൻ കഴിയില്ല. ബിൽ C-3 പ്രകാരം പൗരത്വ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലൂടെ നിങ്ങൾ ഒരു സ്ഥിര കനേഡിയൻ പൗരനായി മാറിയിരിക്കുകയാണ്. നിയമത്തിൽ മാറ്റം വന്നാലും അത് മുൻകാല പ്രാബല്യത്തോടെ നിലവിലുള്ള പൗരന്മാരെ ബാധിക്കാറില്ല. 2009-ൽ കാനഡ തലമുറ പരിധി കൊണ്ടുവന്നപ്പോഴും, അതിനുമുമ്പ് പൗരത്വം നേടിയവരുടെ അവകാശം എടുത്തുകളഞ്ഞിരുന്നില്ല. കൂടാതെ കാനഡയിൽ സിറ്റിസൺഷിപ്പ് ആക്ടിൽ ഭേദഗതി വരുത്തുന്നത് ഹൗസ് ഓഫ് കോമൺസ്, സെനറ്റ്, ഗവർണർ ജനറലിന്റെ അനുമതി എന്നിവയടങ്ങിയ നീണ്ട പ്രക്രിയയായതിനാൽ ഇത് പെട്ടെന്ന് സംഭവിക്കാവുന്ന ഒന്നല്ല.
രാഷ്ട്രീയ സാഹചര്യം മാറുന്നത് കൊണ്ടോ സർക്കാരിന്റെ നയം മാറുന്നത് കൊണ്ടോ പൗരത്വം റദ്ദാക്കാൻ ഇമിഗ്രേഷൻ വകുപ്പിന് (IRCC) സാധിക്കില്ല. വ്യാജരേഖ ചമയ്ക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, അല്ലെങ്കിൽ അപേക്ഷയുടെ തീരുമാനത്തെ ബാധിക്കുന്ന വിവരങ്ങൾ മറച്ചുവെക്കൽ തുടങ്ങിയ ഗുരുതരമായ തട്ടിപ്പുകൾ തെളിഞ്ഞാൽ മാത്രമേ കനേഡിയൻ പൗരത്വം റദ്ദാക്കപ്പെടൂ.
2026 ജൂണിൽ ചില അപേക്ഷകരോട് സർട്ടിഫിക്കറ്റുകൾ തിരിച്ചുകൊടുക്കാൻ IRCC ആവശ്യപ്പെടുകയും പരിശോധനകൾക്കായി അപേക്ഷകൾ താൽക്കാലികമായി നിർത്തുകയും ചെയ്തത് ആശങ്ക ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് വംശപരമ്പര തെളിയിക്കുന്ന രേഖകളിലെ കൃത്യത ഉറപ്പാക്കാൻ മാത്രമായിരുന്നെന്നും, ബാധിക്കപ്പെട്ടത് വെറും ഒരു ശതമാനം അപേക്ഷകരെ മാത്രമാണെന്നും വ്യക്തമാക്കി IRCC പ്രക്രിയ പുനരാരംഭിച്ചിട്ടുണ്ട്.
Also Read: ആൽബർട്ട റഫറണ്ടത്തിന് ഒരു മാസം മാത്രം: പ്രചാരണത്തിൽ വേർപിരിയൽ പക്ഷം മുന്നിൽ
കനേഡിയൻ വംശപരമ്പരയുള്ള മറ്റ് രാജ്യങ്ങളിലുള്ളവർക്ക് ഇരട്ട പൗരത്വം നേടാൻ ഈ നിയമം വലിയ അവസരമൊരുക്കുന്നു. കാനഡയിലെ താമസം, ജോലി, വിദ്യാഭ്യാസം എന്നിവയ്ക്കും വിസ ഇല്ലാതെ യാത്ര ചെയ്യാനും ഇത് സഹായിക്കും. കാനഡയിൽ താമസമാക്കി അവിടെ വരുമാനം ഉണ്ടാക്കാത്തപക്ഷം കാനഡയ്ക്ക് പ്രത്യേക നികുതി നൽകേണ്ടതില്ല എന്നതും ഈ പൗരത്വത്തിന്റെ വലിയ പ്രത്യേകതയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









