ഓട്ടവ: യൂറോപ്യൻ യൂണിയൻ (EU) പുതുതായി രൂപീകരിക്കുന്ന സുരക്ഷാ കൗൺസിലിലേക്ക് കാനഡ, ബ്രിട്ടൻ, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ബുധനാഴ്ച ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ നടന്ന യൂറോപ്യൻ പാർലമെന്റ് സമ്മേളനത്തിലാണ് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ ഈ നിർദേശം മുന്നോട്ടുവെച്ചത്. സുരക്ഷാ വിഷയങ്ങളിൽ സഖ്യരാജ്യങ്ങളുമായി ഉന്നതതല ചർച്ചകൾ നടത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
യു.എസിനെ മാത്രം ആശ്രയിക്കാതെ വ്യാപാര, സുരക്ഷാ മേഖലകളിൽ പുതിയ സഖ്യങ്ങൾ തേടുന്ന കാനഡയ്ക്ക് ഈ നീക്കം ഏറെ നിർണായകമാണ്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും സ്ട്രാസ്ബർഗിലെ യോഗത്തിൽ പങ്കെടുത്തിരുന്നു. നാറ്റോ സൈനിക പ്രതിരോധത്തിന് മുൻഗണന നൽകുമ്പോൾ, സൈബർ ആക്രമണങ്ങൾ, വ്യാജപ്രചാരണങ്ങൾ തുടങ്ങിയ പുതിയകാല ഭീഷണികളെ നേരിടാനാകും പുതിയ കൗൺസിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിന്റെ കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്ന സുരക്ഷാ തന്ത്രരേഖയിൽ പുറത്തുവിടുമെന്ന് ഇ.യു പ്രതിരോധ കമ്മിഷണർ ആൻഡ്രിയസ് കുബിലിയസ് അറിയിച്ചു.
ALSO READ ; കാനഡയിൽ പെട്രോൾ വില താഴുന്നു; കാരണം ‘വിന്റർ ബ്ലെൻഡ്’
എന്നാൽ, പുതിയ കൗൺസിൽ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തിൽ പ്രതിരോധ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതൊരു ചർച്ചാവേദി മാത്രമായി മാറുമോ അതോ രാജ്യങ്ങളുടെ സുരക്ഷാ നയങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന ശക്തമായ സംവിധാനമാകുമോ എന്നതിൽ വ്യക്തതയില്ല. ഏകദേശം പത്ത് വർഷം മുമ്പും ഇത്തരമൊരു നിർദേശം വന്നിരുന്നെങ്കിലും മുന്നോട്ടുപോയിരുന്നില്ല. അംഗരാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് പദ്ധതി നടപ്പാക്കുന്നത് വലിയ വെല്ലുവിളിയാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









