ടൊറന്റോ: കാനഡയിൽ പെട്രോൾ വില ഒറ്റരാത്രികൊണ്ട് ലിറ്ററിന് 8 സെന്റ് കുറഞ്ഞതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാജ്യത്തെ ശരാശരി വില ലിറ്ററിന് 186.9 സെന്റായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം ഇത് 194.5 സെന്റായിരുന്നു. വേനൽക്കാല ഇന്ധനത്തിൽനിന്ന് ശൈത്യകാല ഇന്ധനത്തിലേക്ക് മാറിയതാണ് വില കുറയാൻ പ്രധാന കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. സെപ്റ്റംബർ പകുതിയോടെ സാധാരണയായി പെട്രോൾ കമ്പനികൾ വേനൽക്കാല ഇന്ധനത്തിൽനിന്ന് ശൈത്യകാല ഇന്ധനത്തിലേക്ക് മാറാറുണ്ട്. തണുത്ത കാലാവസ്ഥയിൽ ഇന്ധന പൈപ്പുകൾ മരവിക്കുന്നത് തടയാനും വാഹനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുമാണ് ശൈത്യകാല ഇന്ധനമിശ്രിതം ഉപയോഗിക്കുന്നത്.
വരും ദിവസങ്ങളിൽ പെട്രോൾ വില ഏതാനും സെന്റ് കൂടി കുറയാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ ഊർജവില വിദഗ്ധൻ ഡാൻ മക്‌ടീഗ് പറഞ്ഞു. എന്നാൽ ആഗോള വിപണിയിൽ കൂടുതൽ എണ്ണയും ഡീസലും വിമാന ഇന്ധനവും പെട്രോളും ലഭ്യമാകാതെ വലിയ വിലക്കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ഡീസൽ വില ഉയർന്നുതന്നെയാണ്. വ്യാഴാഴ്ച കാനഡയിലെ ശരാശരി ഡീസൽ വില ലിറ്ററിന് 2.751 സെന്റായിരുന്നു. വാൻകൂവറിൽ ഇത് 3.055 സെന്റിലെത്തി. കാൽഗറിയിൽ 2.513 സെന്റുമായിരുന്നു. ഡീസൽ വില ഉയരുന്നത് വാഹനമോടിക്കാത്തവരെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം ഉൾപ്പെടെയുള്ള സാധനങ്ങൾ കടകളിലെത്തിക്കുന്ന ചരക്കുവാഹനങ്ങളും കൃഷിയിടങ്ങളിൽ വിളവെടുക്കുന്ന ട്രാക്ടറുകളും പ്രധാനമായും ഡീസലാണ് ഉപയോഗിക്കുന്നത്.
ഇന്ധനച്ചെലവ് ഉയരുന്നതിനനുസരിച്ച് കമ്പനികൾ അധിക ചെലവ് ഉൽപ്പന്നങ്ങളുടെ വിലയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ഇതോടെ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങളുടെ വില ഉയരാൻ സാധ്യതയുണ്ടെന്ന് കാനഡ ട്രക്ക് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധി തേജ് ദുലാത്ത് പറഞ്ഞു. മിഡിൽ ഈസ്റ്റിലെ സംഘർഷവും ആഗോള എണ്ണവിതരണത്തെ ബാധിക്കുന്നുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയും ബാബ് അൽ-മന്ദബ് കടലിടുക്കിലൂടെയും എണ്ണയുടെ നീക്കം തടസ്സപ്പെട്ടതോടെ ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 യുഎസ് ഡോളർ കടന്ന് നിലവിൽ ഏകദേശം 104 ഡോളറിലാണ് എത്തി നിൽക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









