ഓട്ടവ: കാനഡയും യൂറോപ്യൻ യൂണിയനും (EU) തമ്മിലുള്ള സാമ്പത്തിക-വ്യാപാര സഹകരണം ശക്തമാക്കുന്നതിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തിയ താരിഫ് ഭീഷണികളെ ശക്തമായി എതിർത്ത് കാനഡ. അന്താരാഷ്ട്ര തലത്തിൽ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ തിരഞ്ഞെടുക്കാൻ കാനഡയ്ക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മറ്റ് രാജ്യങ്ങളുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. യൂറോപ്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അമേരിക്കൻ നിലപാടിനെതിരെ കാനഡ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്.
കാനഡയ്ക്ക് യൂറോപ്യൻ യൂണിയന്റെ പ്രത്യേക ‘അസോസിയേറ്റ് അംഗത്വം’ നൽകാനുള്ള നീക്കങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. ഈ നീക്കം ശത്രുതാപരമായി കണക്കാക്കിയാൽ യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ കടുത്ത താരിഫുകൾ ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. നിലവിൽ 27.6 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. തങ്ങളുമായി ആർക്കൊക്കെ കരാറുകളിൽ ഏർപ്പെടാമെന്ന് നിർദ്ദേശിക്കാൻ ആർക്കും അവകാശമില്ലെന്ന് കാർണി തിരിച്ചടിച്ചു. കാനഡയും യൂറോപ്പും തമ്മിലുള്ള സഹകരണം ഇരുവിഭാഗത്തിനും ഒരുപോലെ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read : ഒരേ ബജറ്റ്, പക്ഷെ മികച്ച സേവനം; കാനഡയെ പിന്നിലാക്കിയ സ്വീഡന്റെ രഹസ്യമെന്ത്?
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നാണ് കാനഡയുമായുള്ള ബന്ധം തന്ത്രപ്രധാനമായ തലത്തിലേക്ക് ഉയർത്തുന്നതിനായി അസോസിയേറ്റ് അംഗത്വ നിർദ്ദേശം മുന്നോട്ടുവെച്ചത്. പൂർണ്ണ അംഗത്വത്തിന് പകരം ഒരു സാമ്പത്തിക-പ്രതിരോധ സഖ്യമാണ് കാനഡ ലക്ഷ്യമിടുന്നത്. ഈ സുപ്രധാന തീരുമാനത്തിൽ കനേഡിയൻ പാർലമെന്റിൽ അന്തിമ വോട്ടെടുപ്പ് നടക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയോ സ്വാതന്ത്ര്യത്തെയോ ചോദ്യം ചെയ്യാനല്ല, മറിച്ച് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് കാനഡ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









